കറന്‍സി റദ്ദാക്കല്‍ കൊള്ളയടി: ഫോര്‍ബ്‌സ്

klm-RUPEESന്യൂഡല്‍ഹി: ഇന്ത്യയുടെ കറന്‍സി റദ്ദാക്കല്‍ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കലാണെന്ന് ആഗോള ധനകാര്യ മാധ്യമമായ ഫോര്‍ബ്‌സിന്റെ മുഖ്യപത്രാധിപര്‍. കറന്‍സി റദ്ദാക്കല്‍ അധാര്‍മികമാണെന്നും എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ഫോര്‍ബ്‌സ് പറഞ്ഞു. ഇത് ഇന്ത്യന്‍ സന്പദ്ഘടനയ്ക്കു നാശംവരുത്തി, ഭാവിയിലെ മൂലധന നിക്ഷേപസാധ്യത ബുദ്ധിമുട്ടിലാക്കി. ഒപ്പം ഇതു വ്യക്തികളുടെ സ്വകാര്യതയിലുള്ള കൈയേറ്റവുമായി. ജനങ്ങളുടെ ഇടപാടുകളെല്ലാം രാജ്യത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ്.

ഇതുപോലൊന്ന് ഒരു രാജ്യവും തങ്ങളുടെ പൗരസഞ്ചയത്തോടു ചെയ്തിട്ടില്ലെന്നു മാസികയില്‍ അദ്ദേഹം എഴുതി.സര്‍ക്കാരുകളല്ല ജനങ്ങളാണ് വിഭവങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ജനങ്ങളുടെ സന്പാദ്യം തട്ടിപ്പറിച്ചിരിക്കുന്നു. അതും യാതൊരു ചട്ടവും ചിട്ടയും പാലിക്കാതെ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാനാവാത്ത കാര്യമാണിത്. സ്റ്റീവ് ഫോര്‍ബ്‌സ് എഴുതി.

അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയതിനോടാണ് ഫോര്‍ബ്‌സ് കറന്‍സി റദ്ദാക്കലിനെ താരതമ്യപ്പെടുത്തിയത്. കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുമെന്നും ഭീകരരെ നിര്‍വീര്യമാക്കുമെന്നുമാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്.ഇതുവഴി ഇന്ത്യ ഒരു ഡിജിറ്റല്‍ സന്പദ്വ്യസ്ഥയിലേക്കു മാറുമെന്നാണ് അവകാശവാദം. ഗവണ്‍മെന്റുകളിലും ധനശാസ്ത്രജ്ഞരിലും പടരുന്ന കറന്‍സി വിരുദ്ധ ചിന്താഗതിയുടെ ഏറ്റവും തീവ്രവും നശീകരണാത്മകവുമായ ഉദാഹരണമാണ് ഇന്ത്യയില്‍ കണ്ടതെന്നും ഫോര്‍ബ്‌സ് എഴുതി.

പല രാജ്യങ്ങളും ഇന്ത്യയുടെ മാതൃക സ്വീകരിച്ചു വലിയ മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചേക്കാം. എന്നാല്‍, അതുകൊണ്ടു യാഥാര്‍ഥ്യം മറക്കരുത്. അതായത് നിങ്ങളുടെ സ്വകാര്യതയെ തകര്‍ക്കുകയും നിങ്ങളുടെ ജീവിതത്തിലേക്ക് ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ കൂടുതലായി കൊണ്ടുവരികയും ചെയ്യുകയാണ് ഇതുവഴിഅദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സന്പത്ത് തട്ടിയെടുത്ത്, പണ്ടേതന്നെ ദുരിതത്തില്‍ കഴിയുന്ന ജനതയെ ദാരിദ്ര്യത്തിലാക്കുകയും പൊതുവിശ്വാസം തകര്‍ക്കുകയും ചെയ്ത് രാഷ്ട്രീയത്തെ വിഷലിപ്തമാക്കുകയും ഭാവിനിക്ഷേപങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. അധാര്‍മികമായും അനാവശ്യമായും ജനങ്ങളെ ദ്രോഹിച്ച ഈ നടപടി ലോകത്തിനു മുഴുവന്‍ ഒരു പേടിപ്പെടുത്തുന്ന ഉദാഹരണമാണ്അദ്ദേഹം വിലയിരുത്തി. ആവശ്യത്തിനു കറന്‍സി പകരം അച്ചടിച്ചു നല്‍കാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ദുസഹമായ നികുതിവ്യവസ്ഥയും അഴിമതി നിറഞ്ഞ ബ്യൂറോക്രസിയുമാണ് നികുതിവെട്ടിപ്പിന് പ്രേരണയാകുന്നതെന്നും ഫോര്‍ബ്‌സ് ചൂണ്ടിക്കാട്ടി.

കറന്‍സി പിന്‍വലിക്കലിനു ഗവണ്‍മെന്റ് പറയുന്ന ന്യായങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യസ്വഭാവം മാറ്റിയെടുക്കാനാവില്ല. മനുഷ്യര്‍ എന്നും തെറ്റുചെയ്യാന്‍ വഴി കണ്ടെത്തും. കറന്‍സി മാറിയതുകൊണ്ട് ഭീകരര്‍ പണി നിര്‍ത്താന്‍പോകുന്നില്ല. ഡിജിറ്റല്‍ പണത്തിലേക്കുള്ള മാറ്റം സ്വാഭാവികമായി നടക്കുന്നതും നടക്കേണ്ടതുമാണ്. നികുതിവെട്ടിപ്പിനുള്ള പരിഹാരം കുറഞ്ഞ നിരക്കിലുള്ള ലളിതമായ നികുതിവ്യവസ്ഥയാണ്. നിയമാനുസൃതം ബിസിനസ് നടത്തുന്നത് എളുപ്പമായാല്‍ അങ്ങനെയേ നടക്കൂ. അത് എളുപ്പമല്ലെങ്കില്‍ മറ്റു വഴി തേടും അദ്ദേഹം പറഞ്ഞു.

Related posts