വെല്‍ പ്ലേയ്ഡ് ബ്രദര്‍ ! പാണ്ഡ്യയെ പുകഴ്ത്തിയ മുഹമ്മദ് ആമിറിനെതിരേ പാക്കിസ്ഥാന്‍കാരുടെ സൈബര്‍ ആക്രമണം…

ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ പാക്ക് ആരാധകരുടെ സൈബര്‍ ആക്രമണം.

ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്.

‘വെല്‍ പ്ലേയ്ഡ് ബ്രദര്‍’ എന്നു മാത്രമാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റീട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം.

എന്നാല്‍ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാന്‍ ആരാധകര്‍ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടിയാണ് ആമിര്‍ ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാള്‍ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു.

പന്തു കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങിയ പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും 17 പന്തില്‍ 33 റണ്‍സെടുത്തു ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

അവസാന ഓവറിലെ നാലാം പന്തില്‍ സിക്‌സ് അടിച്ചാണ് പാണ്ഡ്യ ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Related posts

Leave a Comment