പരവൂർ: ആഗോളതലത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്.ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പിന്റെ വർധിച്ചു വരുന്ന വ്യാപ്തിയും സങ്കീർണതകളും എടുത്തു കാണിക്കുന്ന റിപ്പോർട്ട് മെറ്റയാണ് പുറത്തിറക്കിയിട്ടുള്ളത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തട്ടിപ്പുകൾ രാജ്യത്ത് അനുദിനം വർധിച്ച് വരികയാണ്. ബിസിനസുകൾ പോലെ പ്രവർത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലകൾ വൻ ഭീഷണിയാണ് ഉയർത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗമാണ് വികസിച്ച് വരുന്നത്.
ഇത് പരമാവധി മുതലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, മെസേജിംഗ് ആപ്പുകൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഈ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.എഐ അധിഷ്ഠിത തട്ടിപ്പുകളിലാണ് സൈബർ കുറ്റവാളികൾ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൃത്രിമ ബുദ്ധി തട്ടിപ്പുകൾ വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കും. വ്യക്തിപരമായ തട്ടിപ്പുകൾ നടത്താൻ പ്രാപ്തരാക്കുന്നതും ഇത് തന്നെയെന്ന് റിപ്പോർട്ടിൽ എടുത്തുകാട്ടുന്നു.വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, സങ്കീർണമായ വഞ്ചനാപരമായ വെബ്സൈറ്റുകൾ, വ്യക്തികളായി ആൾമാറാട്ടം നടത്തുന്ന “ഡീപ്ഫെയ്ക്ക്’ ഉള്ളടക്കം എന്നിവ യഥാർഥ ഡിജിറ്റൽ ഉള്ളടക്കത്തിനും കൃത്രിമ ഡിജിറ്റൽ ഉള്ളടക്കത്തിനും ഇടയിലുള്ള വ്യത്യാസം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.
ഇത് സാധാരണ ഉപയോക്താക്കൾക്ക് തട്ടിപ്പുകൾ കണ്ടെത്തുന്നതിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആധുനിക സൈബർ കുറ്റകൃത്യ ഗ്രൂപ്പുകൾ പ്രഫഷണൽ സംരംഭങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മെറ്റയുടെ റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെ ഇംഗ്ലീഷ് പ്രാവീണ്യമുള്ള വലിയ ജനസംഖ്യയെയും വർധിച്ച് വരുന്ന ഇന്റർനെറ്റ് ഉപയോക്തൃ അടിത്തറയും ഇത്തരം ഇത്തരം അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ പ്രധാന ലക്ഷ്യമാക്കി മാറ്റുകയാണ്.പരസ്പര സമ്മതം ഇല്ലാതെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുന്ന ന്യൂഡിഫൈ ആപ്പുകൾ ഭീഷണിപ്പെടുത്തൽ, പീഡനം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
ഇത്തരം സംവിധാനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അന്തസിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.സൈബർ കുറ്റവാളികൾ കൂടുതൽ സംഘടിതരും സാങ്കേതികമായി മുന്നേറുന്നവരുമായി മാറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്.
ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് തുല്യമായി അതിശക്തമായ സുരക്ഷാ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്തണമെന്ന മുന്നറിയിപ്പ് നൽകിയാണ് മെറ്റയുടെ റിപ്പോർട്ട് അവസാനിക്കുന്നത്.
- എസ്.ആർ. സുധീർകുമാർ
