ദശമൂലം ദാമു ഇനി നായകന്‍ ! ഷാഫിയുടെ പുതിയ പടത്തില്‍ നായകന്‍ ട്രോളന്മാരുടെ ഇഷ്ടതാരം ദാമു; ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ…

മണവാളനെയും രമണനെയും കടത്തിവെട്ടിയ ദശമൂലം ദാമുവാണ് ഇപ്പോള്‍ ട്രോള്‍രംഗത്തെ രാജാവ്. 2009 ല്‍ തീയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പി നാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്ന ദാമു വളരെപ്പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഏവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന്‍ ഷാഫിയോട് അടുത്തിടെ ദാമുവിന്റെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടക്കത്തില്‍ സംവിധായകന്‍ ഇതിനോട് വ്യക്തമായി പ്രതികരിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ ദശമൂലം ദാമു എന്ന ടൈറ്റില്‍ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്‍ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു.

ഒരു ബോംബ് കഥയ്ക്ക് ശേഷം ധാരാളം ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നും എങ്ങനെ തുടങ്ങണമെന്ന ആശങ്കയിലാണ് താനെന്നും എന്നാല്‍ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദശമൂലം ദാമുവിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു. എന്തായാലും ദാമു നായകനാകുന്നു എന്നു കേട്ടത് ട്രോളന്മാരെയാകെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ദാമുവിന്റെ പേരില്‍ ട്രോളുകള്‍ ഇറക്കാന്‍ ഒരു കാരണം കൂടിയായല്ലോ.

Related posts