ചാലക്കുടിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നെഞ്ചത്ത് ട്വന്റി20 കളിക്കാന്‍ ജേക്കബ് തോമസ്; മുറിവേറ്റ ഡിജിപി ഐപിഎസ് ഉദ്യോഗം രാജിവച്ച് കളത്തിലിറങ്ങുമ്പോള്‍ പണി പാളുക ഇന്നസെന്റിന്; കിറ്റക്‌സ് ഉടമയുടെ കളികള്‍ കേരളത്തെ ഞെട്ടിക്കുമോ…?

സ്രാവുകള്‍ക്കൊപ്പം നീന്തിയതിന്റെ ശിക്ഷ ഇനിയും ജേക്കബ് തോമസ് അനുഭവിച്ചു കഴിഞ്ഞിട്ടില്ല. ഒന്നിനു പിന്നാലെ ഒന്നായി നിസാര കാരണങ്ങള്‍ക്ക് പിണറായി സസ്‌പെന്‍ഡ് ചെയ്ത് ഒതുക്കിയ ജേക്കബ് തോമസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ്. അതും കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി20യുടെ ലേബലില്‍. ചില കളികള്‍ ചിലര്‍ക്ക് കാണിച്ചു കൊടുക്കുക തന്നെയാവും ഐപിഎസ് രാജിവച്ച് കളത്തിലിറങ്ങുന്നതിലൂടെ ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്.

കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച പരീക്ഷണത്തിന്റെ കഥയാണ് കിഴക്കമ്പലം ഭരിക്കുന്ന ജനകീയ കൂട്ടായ്മ ട്വന്റി20യ്ക്കു പറയാനുള്ളത്. ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുമ്പേ തന്നെ പ്രചരണമുണ്ടായിരുന്നെങ്കിലും അന്ന് സ്ഥാനാര്‍ഥിയായി ഏവരും മനസ്സില്‍ കണ്ടത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയും ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു. എം. ജേക്കബിനെയായിരുന്നു. എന്നാല്‍ ട്വന്റിട്വന്റി ക്രിക്കറ്റിന്റെ അപ്രവചനാത്മകതയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജേക്കബ് തോമസിന്റെ രംഗപ്രവേശം.

ടെസ്റ്റിനെയും ഏകദിനത്തെയും പിന്തള്ളി ട്വന്റി20 ക്രിക്കറ്റ് ലോകം പിടിച്ചടക്കിയതിനു സമാനമായിരുന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മുമ്പില്‍ ട്വന്റി20 കൂട്ടായ്മയുടെ വളര്‍ച്ച. കിഴക്കമ്പലം എഫക്ട് ചാലക്കുടി മണ്ഡലത്തിലുടനീളം പടര്‍ന്നാല്‍ മാറ്റത്തിന്റെ മണിമുഴക്കമാവുമത്. അഴിമതി തൊട്ടുതീണ്ടാത്ത ഉദ്യോഗസ്ഥന്‍ എന്നു പേരുള്ള ജേക്കബ് തോമസിനെ ഒരു പുസ്തകത്തിന്റെ പേരിലാണ് പിണറായി ഒതുക്കിയത്. ഒന്നരവര്‍ഷമായി സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിനെ രാജിവച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതും ഇതേ കാര്യമാണ്.

കിഴമ്പലത്തെ സെന്റിനറി ഹാളില്‍ കൂടിയ 2200 പ്രവര്‍ത്തകരുടെ യോഗത്തിനു ശേഷമാണ് ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നിരുന്നാലും ജേക്കബ് തോമസിന്റെ എന്‍ട്രി ഏവര്‍ക്കും സര്‍പ്രൈസായി. കിഴക്കമ്പലത്തെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കിറ്റക്‌സ് ഗ്രൂപ്പ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയത്. പഞ്ചായത്തില്‍ വന്‍വിജയമായ കൂട്ടായ്മ പഞ്ചായത്ത് ഭരണവും പിടിച്ചു. പഞ്ചായത്തിലെ 80 ശതമാനം വോട്ട് പിടിക്കാമെന്നാണ് ട്വന്റി20യുടെ പ്രതീക്ഷ.

കിഴക്കമ്പലത്തെ വോട്ടുകള്‍ ഇനി മറ്റൊരാള്‍ക്ക് ലഭിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിക്കുകയാണ് ട്വന്റി 20. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമീപ സ്ഥലങ്ങളിലേക്കും സംഘടനാ പ്രവര്‍ത്തനം ഇവര്‍ വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തില്‍ 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി 2013ല്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷന്‍. കിറ്റക്‌സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നല്‍കുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാന്‍ 2013-ല്‍ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വര്‍ഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്.

പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സാമൂഹ്യ-സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്‍ഡുകള്‍ നല്‍കിയും പഞ്ചായത്തിലെ എല്ലാ സ്ഥിരതാമസക്കാര്‍ക്കും അഞ്ചു രൂപയ്ക്ക് പാലും 10 രൂപയ്ക്ക് അരിയും നല്‍കി രാഷ്ട്രീയകക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ് ട്വന്റി20. പഞ്ചായത്തില്‍ വീടില്ലാത്തവര്‍ക്കെല്ലാം വീട് വച്ചു കൊടുക്കുന്നതും ഇവരുടെ പദ്ധതിയാണ്. അധികാരത്തിലെത്തിയ ഉടന്‍ പഞ്ചായത്തിലുണ്ടായ ഏക മദ്യവില്‍പ്പന കേന്ദ്രം അടച്ചുപൂട്ടിയും പേരുകേട്ട കുടിയന്മാരെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചേര്‍ത്തും ട്വന്റി20 മാതൃകയായി. ഇപ്പോള്‍ ചാലക്കുടിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍ ഇതെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

Related posts