തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് അവലോകനം ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം. ധനകാര്യ വകുപ്പിലെ പ്രിന്‍സിപ്പൽ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ധനസ്ഥിതിയെക്കുറിച്ച് പഠിച്ച് ധവളപത്രം ഇറക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വി.ഡി.സതീശന് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നതു മുഖ്യമന്ത്രിയാണ്.
ധവളപത്രം പുറത്തിറക്കുന്നതിനു മുന്‍പായി ധനസ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചന. ആസൂത്രണ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഡോ. കെ.എം. ചന്ദ്രശേഖരനെ സമിതി അധ്യക്ഷനാക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ചുമതലയേറ്റ വി.ഡി. സതീശന് സര്‍ക്കാര്‍ നിരവധി ജനക്ഷേമ പദ്ധതികളാണ് തെരഞ്ഞെടുപ്പിനുമുന്പ് പ്രഖ്യാപിച്ചിരുന്നത്.
ഈ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി എത്രയാണെന്ന് മനസിലാക്കിയാല്‍ മാത്രമെ സാധിക്കുകയുള്ളു. മുന്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവകാശപ്പെട്ടത് ധനസ്ഥിതി മെച്ചമാണെന്നാണ്.എന്നാല്‍ അത്ര മെച്ചമല്ലെന്ന കാര്യം ജനങ്ങളെ ബോധിപ്പിച്ച് മുന്നോട്ടുപോകാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.
- എം.സുരേഷ്ബാബു
