ജാമ്യ ഹര്‍ജി തള്ളിയെന്ന് ജയിലര്‍ അറിയിച്ചപ്പോള്‍ ആ മുഖത്തെ നിസ്സംഗത ഒന്നു കാണേണ്ടതായിരുന്നു; വീഡിയോ കോണ്‍ഫറന്‍സിങ് നീക്കം കേട്ടപ്പോള്‍ കണ്ണു നിറഞ്ഞു; എന്ന് പുറംലോകം കാണുമെന്നറിയാതെ ദിലീപ്…

dileepകൊച്ചി: ജയില്‍ മോചിതനാവുക എന്നത് സമീപഭാവിയില്‍ ദിലീപിന് സ്വപ്‌നം മാത്രം ആവുമോ ? ആര്‍ക്കും ഉത്തരം നല്‍കാനാവില്ലാത്ത ചോദ്യമാണിത്. സങ്കീര്‍ത്തനം വായിച്ചും നാമം ജപിച്ചും തടവുകാരോട് സംസാരിച്ചുമെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത ദിലീപ് തന്റെ മോചനത്തെ കുറിച്ച് സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ. ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ദിലീപിന് ആലുവ സബ് ജയിലിന് പുറത്തേക്ക് ഉടന്‍ പോകാനാകുമോ എന്നും സംശയമാണ്. കാരണം ജയിലില്‍ ദിലീപിനെ എത്തിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് മതിയെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ നീക്കം കോടതി അംഗീകരിച്ചതോടെ കാരാഗൃഹത്തില്‍ നിന്നു മോചനം നേടാമെന്നുള്ള ദിലീപിന്റെ കാത്തിരിപ്പു നീളുമെന്ന് ഉറപ്പായി.

ഏതായാലും അങ്കമാലി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ ഇല്ല. എന്നാല്‍ ഇവിടെ ഈ സംവിധാനം ഒരുക്കുമെന്നാണ് പോലീസ് പറയുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ജയിലിലെ മതില്‍ക്കെട്ടുകള്‍ക്കകത്ത് ദിലീപിനെ ഒതുക്കുകയാണ് പദ്ധതി. പൊലീസിന് ദിലീപിനോടുള്ള താല്‍പ്പര്യക്കുറവും ഇന്നത്തെ ദിവസത്തോടു കൂടി വ്യക്തമായിട്ടുണ്ട്. ഇതോടെ ദിലീപ് തീര്‍ത്തും നിരാശനാണ്. ജയില്‍ അധികൃതര്‍ ദിലീപിനെ ജാമ്യ ഹര്‍ജി തള്ളിയതും വീഡിയോ കോണ്‍ഫറന്‍സിംഗിന്റേയും കാര്യം അറിയിച്ചു. ജാമ്യ ഹര്‍ജി തള്ളിയത് കേട്ടപ്പോള്‍ തന്നെ നിസംഗനായി. അതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിങ് നീക്കം. ഇതോടെ തനിക്കെതിേരയുള്ള നീക്കത്തിന്റെ വ്യാപ്തി താരം തിരിച്ചറിഞ്ഞു.

ആലുവ സബ് ജയിലിലെ 523 നമ്പര്‍ തടവുകാരനായ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി സങ്കീര്‍ത്തനം വായനയായിരുന്നു. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം സെല്ലിലെ ഒരു കോണില്‍ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ജാമ്യ ഹര്‍ജിയില്‍ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനപ്രിയ താരം പ്രാര്‍ത്ഥനകളുമായി ആലുവ ജയിലില്‍ കഴിഞ്ഞു കൂട്ടിയത്. എന്നാല്‍ ജാമ്യ ഹര്‍ജിയിലെ വിധി വന്നപ്പോള്‍ വീണ്ടും നിരാശ. രാത്രിയിലെ കൊതുക് ശല്യം താരത്തിന്റെ ഉറക്കം കെടുത്തുണ്ട്. കൊതുകുതിരി കത്തിച്ചു വെച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല ദിലീപിന്. പകലുറങ്ങിയാണ് രാത്രിയിലെ ക്ഷീണം തീര്‍ക്കുന്നത്. ജാമ്യ ഹര്‍ജിയിലെ വിധി വന്നതോടെ സെല്ലിനകത്ത് ഒതുങ്ങി കൂടുകയാണ് നടന്‍. സഹതടവുകാര്‍ക്ക് ആശ്വസിപ്പിക്കാനും വാക്കുകളില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഉറക്കം പോകുമ്പോള്‍ സഹതടവുകാര്‍ക്ക് ദിലീപ് സിനിമ സെറ്റിലെ കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഈ കേസില്‍ താന്‍ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറയുന്നത്.

ജാമ്യ ഹര്‍ജി തള്ളിയെന്ന് ജയില്‍ അധികൃതര്‍ കാര്യങ്ങള്‍ അറിയിച്ചതോടെ സെല്ലിലേക്ക് മടങ്ങിയ ദിലീപിന് വീണ്ടും മിണ്ടാട്ടമില്ലാതെയായി. കുറച്ചു കൂടി കരുതലുണ്ടായിരുന്നുവെങ്കില്‍ ജാമ്യം കിട്ടിയേനെ. അതിനുള്ള അവസരം പോയെന്ന് നടന്‍ തിരിച്ചറിയുന്നു. ഇത് സഹതടവുകാരോട് ദിലീപ് പങ്കുവച്ചതായാണ് സൂചന. തന്റെ നിസംഗത മുഖത്ത് പ്രതിഫലിക്കാതിരിക്കാന്‍ ദീലിപ് ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ചൊവ്വാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. എന്നാല്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടപടി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

14 ദിവസത്തെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നിലവില്‍ ആലുവ സബ് ജയിലിലാണ്. ആദ്യഘട്ടത്തില്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വന്‍ പൊലീസ് സംഘമാണ് സുരക്ഷയ്ക്ക് വേണ്ടിവന്നത്. എന്നാല്‍ ഇനിയും ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കുന്നത് പ്രായോഗികമല്ലെന്നാണ് പൊലീസ് നിലപാട്. മാത്രമല്ല സുരക്ഷാ പ്രശ്‌നങ്ങളും താരത്തെ കാണാന്‍ ആളുകള്‍ കൂടുന്നതും പ്രശ്‌നമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. സഹതടവുകാരോട് നല്ല സൗഹൃദമാണ് ദിലീപ് സൂക്ഷിക്കുന്നത്. താരം സെല്ലിലെ അഞ്ചു പേരോടും മിണ്ടി തുടങ്ങിയതോടെ അവരും ദിലീപിന്റെ മോചനത്തിന് പ്രാര്‍ത്ഥിക്കുകയായിരുന്നു. പത്രം സെല്ലുകളില്‍ എത്തിക്കുമെങ്കിലും ദിലീപ് വായിക്കാറില്ല സഹതടവുകാരോടു തന്നെ പറ്റിയുള്ള വാര്‍ത്തകള്‍ ഉറക്കെ വായിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. തന്നെ ക്രൂശിക്കുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ സങ്കടം തോന്നുമെന്നാണ് ദിലീപ് ജയില്‍ സൂപ്രണ്ടിനോടു പറഞ്ഞത്.സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരുമൊക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ജാമ്യത്തിനായി ദിലീപ് ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നു തന്നെയാണ് വിവരം.

Related posts