കാരക്കാസ്: വെനസ്വേലയിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂകന്പത്തിൽ ആളപായം കുറയ്ക്കാൻ സഹായകമായത് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഭൂകന്പത്തിന് ഏതാനും സെക്കൻഡുകൾക്കുമുന്പ് ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകളിലേക്കാണ് ഗൂഗിളിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശമെത്തിയത്.
ഈ ഏതാനും സെക്കൻഡുകൾ വലിയൊരു ദുരന്തത്തിൽനിന്നാണ് പലരെയും രക്ഷിച്ചത്. ഇതോടെ, പ്രകൃതിദുരന്തങ്ങളിൽനിന്ന് മനുഷ്യജീവൻ രക്ഷിക്കാൻ സാങ്കേതികവിദ്യ എത്രത്തോളം സഹായിക്കുമെന്ന ചർച്ചകൾ ലോകമെമ്പാടും വീണ്ടും സജീവമായിരിക്കുകയാണ്.
ഗൂഗിൾ ഭൂകമ്പം മുൻകൂട്ടി പ്രവചിക്കുകയല്ല ചെയ്തതെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. പകരം, ഭൂകമ്പത്തിന്റെ ആദ്യ ചലനങ്ങൾ അതിവേഗം തിരിച്ചറിയുകയും ശക്തമായ കുലുക്കം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ആ പ്രദേശത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്തത്.ഗൂഗിളിന്റെ ‘ആൻഡ്രോയിഡ് എർത്ത്ക്വേക്ക് അലർട്ട് സിസ്റ്റം’ ആണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ഒരു ഭീമൻ സെൻസർ ശൃംഖലയായി മാറ്റിയാണ് ഗൂഗിൾ ഇതു സാധ്യമാക്കുന്നത്.സ്മാർട്ട്ഫോണുകളിലുള്ള ‘ആക്സിലറോമീറ്റർ’എന്ന ചലന സെൻസറുകളാണ് ഇവിടെ രക്ഷകരാകുന്നത്. ഭൂകമ്പമുണ്ടാകുമ്പോൾ ആദ്യം പുറപ്പെടുന്നതും എന്നാൽ വലിയ നാശനഷ്ടങ്ങൾ വരുത്താത്തതുമായ ‘പ്രൈമറി തരംഗങ്ങൾ’ ഈ സെൻസറുകൾ തിരിച്ചറിയുന്നു.
തൊട്ടുപിന്നാലെ എത്തുന്ന വിനാശകാരികളായ ‘സെക്കൻഡറി തരംഗങ്ങളേക്കാൾ’ വേഗത പ്രൈമറി തരംഗങ്ങൾക്കുണ്ട്.ഒരു പ്രത്യേക പ്രദേശത്തെ നിരവധി ഫോണുകളിൽ ഒരേസമയം ഇത്തരം ചലനങ്ങൾ രേഖപ്പെടുത്തുമ്പോൾ ഗൂഗിളിന്റെ അൽഗോരിതം ഭൂകമ്പത്തിന്റെ കേന്ദ്രവും തീവ്രതയും കണക്കാക്കുന്നു.
തൊട്ടടുത്ത നിമിഷംതന്നെ ആ പരിസരത്തുള്ള എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും അലർട്ട് അയയ്ക്കുകയും ചെയ്യും.ലഭിക്കുന്ന സമയം ഏതാനും സെക്കൻഡുകൾ മാത്രമാണെങ്കിലും അപകടകരമായ കെട്ടിടങ്ങളിൽ നിന്നു മാറിനിൽക്കാനും സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്താനും ഈ സമയം മതിയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
