തിരുവനന്തപുരം: സ്ഥാനാർഥിനിർണയത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമൊക്കെ തെറ്റില്ലാത്ത പ്രാതിനിധ്യം നല്കിയിരുന്ന സിപിഎം പക്ഷേ ഇത്തവണത്തെ നിയമസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പതിവ് തെറ്റിച്ചു. ഭരണത്തുടർച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോൾ സ്ഥാനാർഥികൾ ഒട്ടുമിക്കവരും പഴയ മുഖങ്ങൾ. പേരിനു മാത്രമായി പുതുമുഖങ്ങൾ.
സിറ്റിംഗ് എംഎൽഎമാരിൽ ഒട്ടുമിക്കവരും മത്സരിക്കട്ടെ എന്ന തീരുമാനം പുതുമുഖങ്ങൾക്കും യുവാക്കൾക്കും പാരയായി എന്നു ചുരുക്കം. ഇതുവരെ പ്രഖ്യാപിച്ച പാർട്ടി ചിഹ്നത്തിൽ മൽസരിക്കുന്ന 75 പേരിൽ 13 പേർ മാത്രമാണ് പുതുമുഖങ്ങളെന്നു പറയാവുന്നത്. അതിൽത്തന്നെ യുവാക്കളും വനിതകളും വളരെക്കുറവ്. കാസർഡോഗ് ജില്ലയിൽ മഞ്ചേശ്വരത്ത് കെ.ആർ. ജയാനന്ദയും തൃക്കരിപ്പൂരിൽ ഡോ. വി.പി.പി. മുസ്തഫയുമാണ് പുതുമുഖങ്ങളായി എത്തുന്നത്.
തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ ആയ എ. രാജഗോപാലിനെ മാറ്റിയാണ് മുസ്തഫയെ സ്ഥാനാർഥിയാക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന മുസ്തഫയുടേത് നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്. മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ.ആർ. ജയാനന്ദയും ജില്ല കമ്മിറ്റിയംഗമാണ്.
കണ്ണൂർ ജില്ലയിലാണ് താരതമ്യേന പുതുമുഖങ്ങൾ കൂടുതൽ മത്സരിക്കുന്നത്. തളിപ്പറന്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള കന്നിയങ്കത്തിനിറങ്ങുന്പോൾ കെ.കെ. ഷൈലജയുടെ മണ്ഡലമായിരുന്ന മട്ടന്നൂരിൽ ഡിവൈഎഫ്ഐ നേതാവ് വി.കെ. സനോജ് സ്ഥാനാർഥിയാകും.
സിപിഎമ്മിൽനിന്ന് ഇത്തവണ മത്സരിക്കുന്ന പുതുമുഖങ്ങളിൽ യുവപ്രാതിനിധ്യം സനോജിൽ ഒതുങ്ങുകയാണ്. തലശേരിയിൽ സ്പീക്കർ എം.എൻ. ഷംസീറിനു പകരം കാരായി രാജൻ മത്സരിക്കും. സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗമാണ് കാരായി രാജൻ . എൻഡിഎഫ് നേതാവ് ഫസൽ വധക്കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലാകുകയും ജാമ്യം ലഭിക്കുകയും ചെയ്ത കാരായി രാജന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവാണ് തലശേരിയിലെ സ്ഥാനാർഥിത്വം.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയിൽ മാത്രമാണ് മാറ്റം വരുന്നത്. സിറ്റിംഗ് എംഎൽഎ ആയിരുന്ന കാനത്തിൽ ജമീലയുടെ നിര്യാണത്തത്തുടർന്ന് കെ. ദാസൻ അവിടെ സ്ഥാനാർഥിയാകും. ദാസനെ പുതുമുഖമെന്നു വിശേഷിപ്പിക്കാനാകില്ല. മുന്പ് രണ്ട് തവണ ദാസൻ കൊയിലാണ്ടിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശിയാണ് ആലത്തൂരിലെ സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎ കെ.ഡി. പ്രസേനനെ മാറ്റിയാണ് നാൽപത്തഞ്ചുകാരനായ ശശിക്ക് സീറ്റ് നല്കിയിരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നെന്മാറയിൽ ഇപ്പോഴത്തെ എംഎൽഎ കെ. ബാബുവിനെ മാറ്റി ഏരിയ സെക്രട്ടറി കെ. പ്രേമനു സീറ്റ് നല്കി.
മഹിളാ അസോസിയേഷൻ നേതാക്കളായ എം.ബി. ഷൈനി- വൈപ്പിൻ, പുഷ്പ ദാസ്-തൃക്കാക്കര എന്നിവരാണ് സ്ഥാനാർഥി പട്ടികയിലെ മറ്റു പുതുമുഖങ്ങൾ. മുൻ എംഎൽഎ ആയിരുന്ന കെ.കെ.ജയചന്ദ്രൻ എം.എം. മണിക്ക് പകരം ഉടുന്പൻചോലയിലും കൊല്ലത്ത് മുകേഷിന് പകരം ജില്ലാ സെക്രട്ടറി എസ്. ജയമോഹനും മത്സരിക്കും.
വനിതകൾ പത്ത്
ഇത്തവണയും വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനയില്ല. പത്തു വനിതകളാണ് ഇക്കുറി സിപിഎമ്മിൽനിന്ന് അങ്കം കുറിക്കുന്നത്. മന്ത്രിമാരായ വീണാ ജോർജ് (പത്തനംതിട്ട) ആർ. ബിന്ദു (ഇരിങ്ങാലക്കുട) എന്നിവർ വീണ്ടും മത്സത്തിനെത്തുന്നു. മട്ടന്നൂർവിട്ട് പേരാവൂരിലെത്തുന്ന കെ.കെ. ശൈലജയ്ക്കൊപ്പം സിറ്റിംഗ് എംഎൽഎമാരായ കെ. ശാന്തകുമാരി – കോങ്ങാട്, ദലീമ -അരൂർ, ഒ.എസ്. അംബിക- ആറ്റിങ്ങൽ, യു. പ്രതിഭ- കായംകുളം എന്നിവർ വീണ്ടും അങ്കത്തിനിറങ്ങുന്നു. പി.കെ.ശ്യാമള- തളിപ്പറന്പ്, എം.ബി. ഷൈനി- വൈപ്പിൻ, പുഷ്പാദാസ്- തൃക്കാക്കര എന്നിവരാണ് മത്സരത്തിനുള്ള മറ്റു വനിതകൾ.
സീറ്റ് മോഹിച്ചവർ ഏറെ
സിപിഎം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ്, വനിതാ നേതാവ് ചിന്താ ജെറോം തുടങ്ങിയവർക്കൊന്നും സീറ്റില്ല. ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ കെ.എസ്. അരുൺകുമാർ, ജെയ്ക്.സി. തോമസ് തുടങ്ങിയവരേയും പരിഗണിച്ചില്ല. യുവനേതാക്കളെ പരിഗണിക്കാത്തത് സമൂഹമാധ്യമങ്ങളിൽ ഇതിനകം ചർച്ചയായിട്ടുണ്ട്.
വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ് പാർട്ടിക്കുവേണ്ടി ഊർജസ്വലരായിനിന്നവരെ വെട്ടിനിരത്തിയെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഭരണത്തുടർച്ചയെന്ന ഒറ്റലക്ഷ്യമാണ് ഇതിനുള്ള ഉത്തരമെന്നാണ് പാർട്ടി വൃത്തങ്ങളുടെ നിലപാട്.
ബിജോ ജോ തോമസ്
