വടക്കഞ്ചേരി: ഉള്ളതുകൊണ്ട് ഇരുമുന്നണികൾക്കും മതിൽ പങ്കുവച്ച് വീട്ടുടമ. കല്ലിങ്കൽപ്പാടത്തെ താഴത്തേൽ സണ്ണിയാണ് ഇടതു- വലതു മുന്നണികൾക്ക് വീടിനു മുന്നിലെ മതിൽ തുല്യമായി വീതിച്ചു നൽകിയിട്ടുള്ളത്.
ഇടതുമുന്നണിക്കു കിട്ടിയ പങ്കിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതി കളറാക്കിയിട്ടുണ്ട്. നിലവിലെ എംഎൽഎ പി.പി. സുമോദിന്റെ പേരും അരിവാൾ ചുറ്റിക നക്ഷത്രവുമാണ് എഴുതിയിട്ടുള്ളത്.
എന്നാൽ യുഡിഎഫിന് അനുവദിച്ചു നൽകിയിട്ടുള്ള മതിലിന്റെ പാതിപങ്കിൽ കൈ ചിഹ്നം വരച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. വാണിയംപാറ- കണ്ണമ്പ്ര റോഡിലാണ് ഈ തെരഞ്ഞെടുപ്പ് കൗതുകം എല്ലാവരേയും ആകർഷിക്കുന്നത്.
തരൂർ മണ്ഡലത്തിൽ പി.പി. സുമോദ് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെതന്നെ അനൗദ്യോഗിക പ്രഖ്യാപനമുണ്ട്. ഇതിനാൽ പലയിടത്തും ചുമരെഴുത്തുകളും സജീവമാണ്.
യുഡിഎഫ് സ്ഥാനാർഥിയായി തൃശൂർ എരുമപ്പെട്ടി കടങ്ങോട് സ്വദേശി റിട്ട. എൻജിനീയർ കെ.സി. സുബ്രഹ്്മണ്യനാണ് ഇക്കുറി അങ്കത്തിനെത്തുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിലെ മികച്ച എൻജിനീയർ എന്ന അംഗീകാരവും സുബ്രഹ്്മണ്യനുണ്ട്. മികച്ച സാമുഹിക പ്രവർനത്തിന് ഡോ. അബേദ്കർ ദേശീയ അവാർഡും സുബ്രഹ്്മണ്യനു ലഭിച്ചിരുന്നു.
