ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ആനയുടെ ചവിട്ടേറ്റ രണ്ടാം പാപ്പാന് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വലിയകുന്ന് മാമം കിഴുവിലം ചരുവിള പുത്തന്‍വീട്ടില്‍ കുട്ടപ്പന് മകന് ശ്രീക്കുട്ടന് (25) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നുകൊണ്ടുവന്ന വാഴ്വാടി കാശിനാഥന് എന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെ ആന പരിഭ്രാന്തി കാണിക്കുകയും തുമ്പിക്കൈകൊണ്ട് മൂന്നാം പാപ്പാനടക്കം രണ്ടുപേരെ തട്ടിവീഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആനയെ ദേവസ്വത്തിന്റെ കൊട്ടിലാക്കല്‍ പറമ്പിലെ പ്രത്യേക ഷെഡില്‍ തളച്ചിരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ആനയ്ക്ക് വെള്ളവും പട്ടയും നല്കാന് പാപ്പാന്മാര് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന്മാരായ അമല്‍ (28), ശ്രീക്കുട്ടന് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉടന്‍തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ ശ്രീക്കുട്ടന് മരിക്കുകയായിരുന്നു. ആന നിന്നിരുന്ന ഷെഡിന്റെ ഷീറ്റ് ആന തകര്‍ത്തു.
പിന്നീട് ഒന്നാം പാപ്പാന് അമലിന്റെ നേതൃത്വത്തില്‍ ആനയെ തളക്കുകയും ശാന്തമാക്കുകയും ചെയ്തു. കൊല്ലം സ്വദേശി സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഴ്വാടി കാശിനാഥന് എന്ന ആന. സംഭവത്തെത്തുടര്‍ന്ന് കുട്ടംകുളം റോഡില്‍ ഗതാഗത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നു. സംഭവമറിഞ്ഞ് പോലീസ്, ഫോറസ്റ്റ് സംഘം എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.
പ്രകോപനവും അസാധാരണ ചൂടുമാണ് ആന ഇടയുവാന്‍ കാരണമായി പറയുന്നത്. വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിന് വാഴ്വാടി കാശിനാഥനെ എഴുന്നള്ളിച്ചിരുന്നതായും കൂടല്‍മാണിക്യത്തില്‍ ആനകളുടെ കുറവ് നേരിട്ടതിനാല്‍ രണ്ടു ദിവസത്തേക്ക് മാത്രമായിട്ടാണ് കൊണ്ടുവന്നതെന്നും അധികൃതര്‍ പറയുന്നു.
വൈകീട്ട് നാലോടെ ആനയെ കുന്നംകുളത്തേക്ക് കൊണ്ടുപോയി. മരിച്ച ശ്രീക്കുട്ടന്റെ മൃതദേഹം ഇരിങ്ങാലക്കുട ജനല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറും.
