വനിതാ മതില്‍ പണിയും മുമ്പ് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഈ അമ്മയുടെ ദുരിതം മാറ്റൂ സര്‍ക്കാരേ, വനിതാ മതിലിനായി കോടികള്‍ തുലയ്ക്കുമ്പോള്‍ പ്രളയാന്തര സഹായത്തിനായി വില്ലേജ് ഓഫീസിന് മുന്നില്‍ സമരവുമായി ഒരു വീട്ടമ്മ

പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുവശത്ത് വനിതാ മതില്‍ നിര്‍മാണവുമായി മുന്നോട്ടുപോകുന്നു. മറുവശത്ത് അനാവശ്യ ധൂര്‍ത്തിനെതിരേ സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനവും ഉയരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന രീതിയിലാണ് വനിതാ മതിലിനായി സര്‍ക്കാര്‍ സമയം കളയുന്നത്.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇപ്പോഴും കഷ്ടപ്പെടുന്നുവെന്ന സത്യം സര്‍ക്കാര്‍ മനപൂര്‍വം അവഗണിക്കുന്നുവെന്ന ആരോപണത്തിന് ബലം പകരുന്നതാണ് ഇടുക്കി സേനാപതി പഞ്ചായത്തിലെ മുക്കുടി എട്ടേക്കറില്‍ ഏലിയാമ്മയുടെ അവസ്ഥ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായവും ലഭിക്കാത്തതിനെതുടര്‍ന്ന് വീട്ടമ്മ വില്ലേജ് ഓഫീസിനുള്ളില്‍ കുത്തിയിരിപ്പുസമരം നടത്തുകയാണ്.

സേനാപതി പഞ്ചായത്തിലെ മുക്കുടി എട്ടേക്കറില്‍ ഏലിയാമ്മയാണ് പ്രതിഷേധവുമായി വില്ലേജ് ഓഫീസിലെത്തിയത്. പ്രളയത്തില്‍ ശക്തമായുണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ക്കുണ്ടായിരുന്ന സ്ഥലവും വീടും പൂര്‍ണമായി നശിച്ചു. തുടര്‍ന്ന് ഏക മകനും ഏലിയാമ്മയും ക്യാമ്പിലായിരുന്നു താമസം.

ക്യാമ്പു പിരിച്ചുവിട്ടതോടെ സമീപത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു. എന്നാല്‍ പ്രളയംകഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം സ്ഥലത്തിന് പട്ടയമില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ നിഷേധിക്കുന്നത്. പട്ടയമുള്ള സ്ഥലം വാങ്ങിയതിനുശേഷം വരാനാണ് അധികൃതര്‍ അറിയിച്ചതത്രേ.

പ്രളയാനന്തര സഹായം നല്‍കുന്നതില്‍ സേനാപതി പഞ്ചായത്തിനോട് കടുത്ത അവഗണനയാണ് അധികൃതര്‍ കാണിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ ആരോപണം. പ്രളയത്തില്‍ 94 വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്. നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടും പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പട്ടികയിലുള്ളത് പത്തു വീടുകള്‍ മാത്രമാണ്.

വീടുകള്‍ തകര്‍ന്നവര്‍ക്ക് നവംബറില്‍ ധനസഹായം നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നെങ്കിലും ഒരു രൂപപോലും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് പറയുന്നു. ഒറ്റയാള്‍ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടര്‍ന്ന് ശാന്തന്പാറ പോലീസ് സ്ഥലത്തെത്തി ചര്‍ച്ചനടത്തിയെങ്കിലും പിരിഞ്ഞുപോകുന്നതിന് പ്രതിഷേധക്കാര്‍ തയാറായിട്ടില്ല. പ്രശ്‌നത്തിനു പരിഹാരമാകുന്നതുവരെ അനിശ്ചിത കാല സമരം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Related posts