ഒരിക്കലും തിരിച്ചുവരാനാവാത്ത യാത്ര ! ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് പരീക്ഷണം വിജയം കണ്ടു; സമീപവാസികളെ ഭയത്തിലാഴ്ത്തിയ സംഭവത്തിന്റെ വീഡിയോ കാണാം…

അസാധ്യമായതെന്നു കരുതുന്നത് സാധ്യമാക്കാനായി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. മനുഷ്യനെ എന്നും മോഹിപ്പിക്കുന്ന ചൊവ്വയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായുള്ള പരീക്ഷണങ്ങളിലാണ് കുറേക്കാലമായി മസ്‌കിന്റെ ശ്രദ്ധ. ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തറയില്‍ നിന്നും 150 മീറ്റര്‍ (500 അടി) പറന്നുയരുക മാത്രമല്ല മുന്‍ നിശ്ചയിച്ച പ്രകാരം തൊട്ടടുത്ത തറയിലേക്ക് വിജയകരമായി സ്റ്റാര്‍ഹൂപ്പര്‍ ഇറങ്ങുകയും ചെയ്തു.

അമേരിക്കയിലെ ടെക്സാസിലെ സ്പേസ് എക്സ് കേന്ദ്രത്തിലായിരുന്നു സ്റ്റാര്‍ഹൂപ്പറിന്റെ വിജയകരമായ പരീക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച്ച സാങ്കേതിക പിഴവുകളെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച പരീക്ഷണമാണ് ഇപ്പോള്‍ സ്പേസ് എക്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരീക്ഷണം മാറ്റിവെക്കേണ്ടി വന്നിട്ടും കാലതാമസമില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയ സ്പേസ് എക്സ് ടീമിനെ അഭിനന്ദിച്ച് വൈകാതെ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്യുകയും ചെയ്തു.

പരീക്ഷണത്തിന് മുമ്പ് ടെക്സാസിലെ പരീക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്പേസ് എക്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പലരെയും ഭയപ്പാടിലാക്കുകയും ചെയ്തിരുന്നു. വലിയ തോതില്‍ വായുവിന്റെ തള്ളല്‍ അനുഭവപ്പെടുമെന്നതിനാല്‍ ജനാലകളിലും മറ്റും പ്രകമ്പന സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. സാധ്യമെങ്കില്‍ തൊട്ടടുത്തുള്ളവര്‍ താത്ക്കാലികമായി മാറി നില്‍ക്കുകയോ സുരക്ഷിതസ്ഥാനങ്ങളിലാണെന്ന് ഉറപ്പുവരുത്തുകയോ ചെയ്യണമെന്നും സ്‌പേസ് എക്‌സിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

മീഥെയിന്‍ ഇന്ധനമായുള്ള സ്റ്റാര്‍ഹൂപ്പറിന്റെ വന്‍ശക്തിയുള്ള റോക്കറ്റ് എന്‍ജിന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരുന്നു ഈ മുന്‍കരുതല്‍ നടപടി. സ്റ്റാര്‍ ഹൂപ്പറിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ നിന്നും 65 അടി ഉയര്‍ത്തി നിര്‍ത്തിയ നിലയില്‍ നിന്നാണ് സ്റ്റാര്‍ ഹൂപ്പര്‍ കുതിച്ചുയര്‍ന്നത്.

സ്പേസ് എക്സിന്റേയും ഇലോണ്‍ മസ്‌കിന്റേയും മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ യാത്രയെന്ന സ്വപ്നത്തിലെ പ്രധാന വാഹനമാണ് സ്റ്റാര്‍ ഹൂപ്പര്‍. അടുത്തവര്‍ഷം ചൊവ്വയിലേക്ക് 100 സഞ്ചാരികളേയും വഹിച്ച് ഭൂമിയില്‍ നിന്ന് കുതിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി. 2024ല്‍ ചന്ദ്രനിലേക്ക് വിനോദസഞ്ചാരം നടത്തുന്നത് അടക്കമുള്ള പദ്ധതികളും സ്പേസ് എക്സിനും ഇലോണ്‍ മസ്‌കിനുമുണ്ട്. ഇത്തരം ബഹിരാകാശ സ്വപ്നങ്ങളിലെ നിര്‍ണായകമായ ഘട്ടമാണ് കഴിഞ്ഞ ദിവസം വിജയിച്ചിരിക്കുന്നത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

Related posts