മലപ്പുറം: ഏറനാടിന്റെ ഏറെനാളത്തെ കാത്തിരിപ്പ് സഫലമായി. പി.കെ. ബഷീർ മന്ത്രിസഭയിലേക്ക്. പി. സീതിഹാജിക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മന്ത്രിസ്ഥാനമാണ് മകൻ പി.കെ. ബഷീറിലൂടെ മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്തെ പത്തായക്കോടൻ വീട്ടിലേക്ക് എത്തുന്നത്.
പാർട്ടിയിലെ മന്ത്രിമാരുടെ പട്ടികയിൽ മാറിമറിഞ്ഞാണ് അവസാനം പി.കെ. ബഷീറിന്റെ പേര് ഉൾപ്പെട്ടത്. ഏറനാട് മണ്ഡലത്തിൽ നിന്ന് 41,289 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് തുടർച്ചയായി നാലാം തവണയും പി.കെ. ബഷീർ നിയമസഭയിലേക്ക് ഇത്തവണ എത്തുന്നത്.
2011ൽ ഏറനാട് മണ്ഡലത്തിൽനിന്ന് കന്നി വിജയം നേടിയ പി.കെ. ബഷീർ 2011 മുതൽ 2016 വരെ ഭരണപക്ഷ അംഗമായിരുന്നു. എന്നാൽ 2016 മുതൽ 2026 വരെ 10 വർഷം പ്രതിപക്ഷത്തായിരുന്നു. നിയമസഭയിലെ മിന്നും പ്രകടനവും ഏറനാട് മണ്ഡലത്തിലെ വലിയ സ്വീകാര്യതയുമാണ് മുസ്ലിം ലീഗ് മന്ത്രിമാരുടെ ലിസ്റ്റിൽ ബഷീർ ഇടം തേടാൻ കാരണം. പി. സീതിഹാജി തുടർച്ചയായി നാലു തവണ നിയമസഭയിൽ എത്തുകയും മലബാർ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്ത നേതാവായിരുന്നു.
1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ പി. സീതിഹാജി മന്ത്രിയാകുമെന്ന് വലിയ പ്രതീക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ചീഫ് വിപ്പ് പദവിയാണ് ലഭിച്ചത്. പത്തായക്കോടൻ കുടുംബവും കിഴക്കൻ ഏറനാട്ടുകാരും പ്രതീക്ഷിച്ചിരുന്ന മന്ത്രിസ്ഥാനമാണ് പി.കെ. ബഷീറിലൂടെ യാഥാർഥ്യമാകുന്നത്. ഭാര്യ: റസിയ ബഷീർ (എടവണ്ണ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ജിഹാൻ, നഹാൻ, സജിൻ സീതി. മരുമക്കൾ: ഹാരിദ് റഹ്മാൻ, അസർ ഇബ്രാഹിം, ഹന്ന സഹ്റ.
