ഉറപ്പാണ് കള്ളവോട്ട് ! ഒരാള്‍ക്ക് അഞ്ചു വോട്ടുകള്‍ വരെ ചെയ്യാം; കള്ളവോട്ടര്‍മാരുടെ വിവരങ്ങള്‍ തെളിവ് സഹിതം പുറത്തുവിട്ട് രമേശ് ചെന്നിത്തല…

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതു തെളിയിക്കാന്‍ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ ഏതാനും തെളിവുകള്‍ സഹിതം അദ്ദേഹം പുറത്തുവിട്ടു. വോട്ടര്‍ പട്ടികയില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേരു ചേര്‍ത്തതായും ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ പല വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതായും ചെന്നിത്തല ആരോപിക്കുന്നു.

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്.

ഇവര്‍ക്ക് അഞ്ച് വോട്ടര്‍ കാര്‍ഡുകളും വിതരണം ചെയ്തതായി കാണുന്നു. ഇതേ രീതിയില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം.

വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. മുമ്പ് മരിച്ചുപോയ ആളുകളുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ ചേര്‍ത്താണ് കള്ളവോട്ട് നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരേ ആളിന്റെ പേരു തന്നെ പല തവണ ചേര്‍ത്തിരിക്കുകയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.

ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇതു ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്.

ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ നേരിട്ടു കണ്ടാണ് കത്തു നല്‍കിയത്.

ഇതിനു പിന്നില്‍ സംസ്ഥാനതലത്തിലുള്ള വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടിക്കു വിധേയരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts

Leave a Comment