ഒരു നാലാംകിട ടീമും അതിനപ്പുറത്തെ അഹങ്കാരവും, റെനെ മ്യൂളസ്റ്റീനെ കളിയാക്കിയ വിനീതിന്റെയും റിനോയുടെയും ആംഗ്യത്തിനെതിരേ ആരാധകരുടെ പ്രതിഷേധം രൂക്ഷം, ഗുരുത്വദോഷമെന്ന് മുന്‍കാല താരങ്ങളും

കൊച്ചിയില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം സി.കെ. വിനീത് നടത്തിയ ‘വെള്ളമടി’ ആഘോഷത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ബൈചിംഗ് ബൂട്ടിയ ഉള്‍പ്പെടെയുള്ള മുന്‍കാല താരങ്ങള്‍ വിനീതിന്റെയും റിനോ ആന്റോയുടെയും പ്രവൃത്തിക്കെതിരേ രംഗത്തുവന്നു. സന്ദേശ് ജിംഗനെതിരേ മുന്‍ കോച്ച് റെനെ മ്യൂളസ്റ്റീന്‍ രംഗത്തുവന്നിരുന്നു. ബെംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനു തലേന്ന് ജിംഗന്‍ രാവേറെ മദ്യപിച്ചിരിക്കുകയായിരുന്നു എന്നാണ് റെനെ ആരോപിച്ചത്. ജിംഗനു പിന്തുണ നല്കുന്നതിനുവേണ്ടിയാണ് റിനോയും വിനീതും ഗോളടിച്ചശേഷം മദ്യപിക്കുന്നതു പോലുള്ള ആംഗ്യവിക്ഷേപം നടത്തിയതെന്നാണ് ആരോപണം.

സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി നിന്നിരുന്ന പലരും മലയാളി താരങ്ങളുടെ പ്രവൃത്തിയെ അഹങ്കാരമെന്നാണ് വിശേഷിപ്പിക്കുന്നത്. കോച്ചിനേക്കാള്‍ കളിക്കാരും ഫാന്‍സും വലുതാവുമ്പോള്‍ കളി കളിയല്ലാതാവും. ഫുട്ബോളില്‍ കോച്ചാണു എല്ലാം. കളിക്കാര്‍ അയാള്‍ക്കൊപ്പം ഉയര്‍ന്നില്ല. എല്ലാവരും കൂടി പുകച്ചു പുറത്തുചാടിച്ചുവെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. കളി പറഞ്ഞു തന്ന ആശാന്റെ നെഞ്ചത്ത് തന്നെ പൊങ്കലയിട്ട ശിഷ്യന്മാര്‍ ഒരിക്കലും നന്നാകില്ലെന്ന് മറ്റു ചിലര്‍.

അതേസമയം, താന്‍ മദ്യപാനിയല്ലെന്നും റെനെയ്ക്ക് ഉചിത സമയത്ത് മറുപടി നല്കുമെന്നും സന്ദേശ് ജിംഗന്‍ പ്രതികരിച്ചു. ഗോവയ്‌ക്കെതിരായ തോല്‍വിക്കുശേഷമായിരുന്നു ജിംഗന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്കും ചിലത് പറയാനുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ബെംഗളൂരു എഫ്‌സിയുമായുള്ള തോല്‍വിക്കുശേഷമാണ് റെനെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടുന്നത്.

Related posts