നല്ല നാടന്‍ ചക്കയും മാങ്ങയുമൊക്കെ തേടി ഇനി നാടുമുഴുവന്‍ അലയേണ്ട, എല്ലാം കിട്ടും ജിസ്റ്റോര്‍ ആപ്പില്‍, വീട്ടിലുണ്ടാക്കുന്ന പച്ചക്കറിയും ഉല്പന്നങ്ങളും വാങ്ങാനും വിലക്കാനും ഇതാ വ്യത്യസ്തമായൊരു ആപ്പ്

എം.ജി. ലിജോ

പാലാക്കാരന്‍ തൊമ്മിച്ചന്റെ വീട്ടില്‍ മാവു നാലെണ്ണമാണ് കായ്ച്ചുനില്‍ക്കുന്നത്. മാങ്ങപ്പഴം വെറുതെ മാവിന്‍ചോട്ടില്‍ വീണ് കേടായി പോകുന്നു. കൊതുക് വളരുന്നത് മാത്രം മിച്ചം. കടക്കാര്‍ക്ക് കൊടുക്കാമെന്നു അവര്‍ നല്കുന്ന പണം മാര്‍ക്കറ്റിലെത്തിക്കുന്നതിനു പോലും തികയില്ല. എന്തു ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ് അയല്‍ക്കത്തെ ഫ്രീക്കന്‍ പയ്യന്‍ പറയുന്നത് ആപ്പില്‍ വിറ്റൂടെയെന്ന്.

ആപ്പോ അതെന്താണ് സംഭവമെന്ന് തൊമ്മിച്ചന്റെ മറുചോദ്യം. വിദേശത്തുള്ള മക്കള്‍ നല്കിയ സ്മാര്‍ട്ട് ഫോണില്‍ ജിസ്‌റ്റോര്‍ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് നല്കി നമ്മുടെ ഫ്രീക്കന്‍ പയ്യന്‍. എന്തായാലും ഇപ്പോള്‍ തൊമ്മിച്ചന്റെ പറമ്പിലെ മാങ്ങയും ചേമ്പുമൊക്കെ നല്ല വിലയ്ക്ക് വിറ്റു പോകുന്നുണ്ട്. ആവശ്യക്കാര്‍ വീട്ടിലെത്തി വാങ്ങിക്കോളൂം. തൊമ്മിച്ചന്‍ ഹാപ്പി, നല്ല സാധനങ്ങള്‍ കിട്ടുന്ന ആവശ്യക്കാര്‍ അതിലേറെ ഹാപ്പിയും.

പറഞ്ഞു വന്നത് രണ്ട് ഗഡികള്‍ (മ്മടെ തൃശൂരുകാരാട്ടോ) പുറത്തിറക്കിയ ജിസ്റ്റോര്‍ ആപ്ലിക്കേഷനെക്കുറിച്ചാണ്. വീട്ടില്‍ കൂടുതലുണ്ടാകുന്ന പച്ചക്കറിക്ക് ആവശ്യക്കാരെ കണ്ടെത്താനായി മാത്രമായൊരു മൊബൈല്‍ ആപ്പ്, അതാണ് ജിസ്‌റ്റോര്‍. വിവിധ ആപ്പുകള്‍ മാര്‍ക്കറ്റിലെത്തിച്ച ജി ഗേറ്റ് ടെക്‌നോളജീസാണ് കര്‍ഷകര്‍ക്കുവേണ്ടി ജിസ്റ്റോര്‍ ആപ്പ്് ഇറക്കിയിരിക്കുന്നത്. ജി ഗേറ്റ് ഡയറക്ടര്‍മാരായ ബി.സുരേഷ് ബാബുവും ജെഫിന്‍ ജോര്‍ജുമാണ് പച്ചയില്‍ പൊതിഞ്ഞ കൃഷി ആപ്പിനായി തല പുകച്ചത്.

കര്‍ഷകര്‍ക്കും നല്ല പച്ചക്കറിയെ സ്‌നേഹിക്കുന്നവര്‍ക്കും ഈ ആപ്പുവഴി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം. അതിനായി ആപ്പിന് പണം നല്‌കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു നിങ്ങളുടെ ജില്ലയിലോ പരിസരത്തോ എന്തെല്ലാം വില്‍ക്കാനുണ്ടെന്നു കണ്ടെത്താം. വില്‍പനക്കാരനും വാങ്ങുന്നവരും പ്രത്യേകമായി റജിസ്റ്റര്‍ ചെയ്യണം. അളവ്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തുന്നതോടെ വില്‍പ്പനക്കാരന്റെ ജോലി തീര്‍ന്നു. ഉപഭോക്താവിന് ബയര്‍ (buyer) എന്ന ആപ്പില്‍ നിന്ന് ആവശ്യമുള്ള സാധനം തിരഞ്ഞെടുക്കാം.

കൃഷിയും ടെക്‌നോളജിയും തമ്മിലുള്ള ബന്ധം കൂടിവരുന്ന കാലത്ത് ആപ്പിന്റെ പ്രവര്‍ത്തനം വിശാലമാക്കാനുള്ള ഒരുക്കത്തിലാണ് സുരേഷ് ബാബുവും ജെഫിന്‍ ജോര്‍ജും. ടെക്‌നോളജി മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ ഇല്ലായ്മ ചെയ്യുമെന്ന പരാതികള്‍ക്കിടയില്‍ ജിസ്റ്റോറിനെ വേറിട്ടു നിര്‍ത്തുന്നതും ഈ മനുഷത്വമുഖം തന്നെയാണ്.

Related posts