ഒരു ലോക്ക് ഡൗണ്‍ യാത്ര ! മുംബൈയില്‍ നിന്ന് അച്ഛനും 12കാരനായ മകനും കോട്ടയത്ത് എത്തിയത് നാലു ദിവസം നീണ്ട സാഹസിക യാത്രയ്‌ക്കൊടുവില്‍; ഇപ്പോള്‍ ഇരുവരും ഐസൊലേഷനില്‍…

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യപിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ എങ്ങനെയും വീടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അന്യദേശങ്ങളില്‍ ജോലിയ്ക്കും മറ്റുമായി പോയിരുന്ന ആളുകളെല്ലാം.

കോട്ടയം സ്വദേശിയായ അച്ഛന്‍ 12കാരനായ മകനെയും കൊണ്ട് രായ്ക്കുരാമാനം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പാലായനം ചെയ്യാന്‍ കാരണവും മറ്റൊന്നല്ലായിരുന്നു.

ഒരു വാഹനവും നിരത്തിലിറങ്ങാത്ത ലോക്ക് ഡൗണ്‍ കാലത്തു തന്നെ മകനുമായി യാത്ര തുടര്‍ന്ന ഈ അച്ഛന്റെ മനസ്സില്‍ മുണ്ടക്കയത്തെ സ്വന്തം വീടുമാത്രമായിരുന്നു.

നാലു ദിവസത്തെ പ്രതിസന്ധികള്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫും മകനും കോട്ടയത്ത് എത്തി. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് ഇരുവരും. പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്.

25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയില്‍നിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ നാല് ദിവസമാണ് ഇവര്‍ക്ക് വേണ്ടി വന്നത്. വയറ് നിറയ്ക്കാന്‍ ലഭിച്ചത് വെള്ളവും വഴിയരികിലെ കടകളില്‍ നിന്നും ലഭിച്ച പഴ വര്‍ഗങ്ങളും.

പുണെയിലെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയാണെന്നും ഭാര്യ പുണെയില്‍ത്തന്നെ നഴ്സാണെന്നുമാണ് ഇദ്ദേഹം പൊലീസിനോടു പറഞ്ഞത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകന്‍ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ പലവട്ടം ഓഫായി.

എല്‍പിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു ആദ്യത്തെ യാത്ര. 26ന് ഉച്ചയോടെ മംഗലാപുരത്തെത്തി.

എല്‍പിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാല്‍ 27ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഇറങ്ങി.

വൈറ്റില പൊലീസ് ഇടപാടു ചെയ്തു നല്‍കിയ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇവിടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നു സ്ഥിരീകരിച്ചു.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

യാത്രയ്ക്കിടെ പരിമിതമായ ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്. വൈറ്റിലയില്‍ വച്ച് പോലീസ് വാങ്ങി നല്‍കിയ ചോറും കറിയും കൂട്ടിയുള്ള ഊണും തണ്ണിമത്തന്‍ ജ്യൂസും കുടിച്ചപ്പോഴാണ് ഒന്ന് ആശ്വാസമായത്.

യാത്രയിലുണ്ടായ അനുഭവങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു ദീര്‍ഘനിശ്വാസമായിരുന്നു അച്ഛന്റെയും മകന്റെയും മറുപടി.

Related posts

Leave a Comment