കഞ്ചാവ് സംഘത്തെ പിടിക്കാന്‍ കാത്തിരുന്ന പോലീസിന്റെ വലയില്‍ കുടുങ്ങിയത് സിനിമ നടന്‍, പിടിയിലായത് അഭിനയത്തിനൊപ്പം കഞ്ചാവ് വില്പനയും തൊഴിലാക്കിയ നടന്‍

film കമ്പംമെട്ട് ചെക്കുപോസ്റ്റുവഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച സിനിമ, സീരിയല്‍ താരത്തെ പോലീസ് അറസ്റ്റുചെയ്തു. അങ്കമാലി കറുകുറ്റി പാലയ്ക്കാപ്പറമ്പില്‍ അനൂപ് ഗോപാലന്‍(26) ആണ് അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് സംഘത്തെ കാത്തിരുന്ന പോലീസ് പിടിയിലായ സിനിമ താരത്തെ കണ്ട് ഞെട്ടിയത്രേ.

കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്നിറങ്ങി അതിര്‍ത്തി കടന്നെത്തിയ ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  നിരവധി മലയാള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ വേട്ട, കലി എന്നി ചിത്രങ്ങളിലും ചില സീരിയലുകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍നിന്നു വാങ്ങിയ കഞ്ചാവ് അങ്കമാലി ഭാഗത്ത് ചില്ലറവില്‍പന നടത്തുന്നതിനായാണ് കൊണ്ടുപോയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സിനിമ ലൊക്കേഷനുകളിലും മറ്റും ഇയാള്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്നാണ് സൂചന. നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറമ്പിലിന്റെയും കമ്പംമെട്ട് എസ്‌ഐ പി. ജിതേഷിന്റെയും നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ കെ.എ. റഹിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെയിംസ്, സുനില്‍, ബിജു, അഭിലാഷ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts