പൂട്ടില്‍ തൊട്ടു പോകരുത് ! ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിശമന സേനയോട് പൂട്ടു പൊളിക്കരുതെന്ന് കട്ടായം പറഞ്ഞ് വീട്ടുകാര്‍…

ഫ്‌ളാറ്റില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷിക്കാനെത്തിയ അഗ്നിശമന സേന വെട്ടിലായി. വീട്ടുകാരാണ് അഗ്നിശമന സേനയെ കുഴക്കിയത്. കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ളാറ്റിന്റെ വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്നായിരുന്നു വീട്ടുകാരുടെ ശാഠ്യം.

കുട്ടിയെ പൂട്ടുപൊളിച്ച് പുറത്തെടുക്കാമെന്ന് അഗ്നിശമന സേന പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്നും കെട്ടിടത്തിന്റെ മറ്റൊരു വശത്തു കൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ ഫ്‌ളാറ്റുകാര്‍ ചോദിച്ചു. 18 നിലയുളള ഫ്ളാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങുന്നത് ബുദ്ധിമുട്ടാണെന്നും പൂട്ട് പൊളിച്ച് അകത്ത് കയറുകയാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അറിയിപ്പ് ലഭിച്ചയുടനെ അഗ്‌നിരക്ഷാസേന എല്ലാ സജീകരണങ്ങളുമായി ഫ്‌ലാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍ പുറത്ത് ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങുകയായിരുന്നു കുട്ടി.

Related posts