കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട് ! കേരളത്തില്‍ കോവിഡ് ഭീതി പടരുമ്പോള്‍ കൈകള്‍ അണുവിമുക്തമാകുന്ന സാനിറ്റൈസറിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു…

ജനങ്ങള്‍ക്കിടയില്‍ പടരുന്ന കോവിഡ് ഭീതിയെ മുതലെടുക്കാന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടും. കൊറോണ വൈറസ് (കോവിഡ് 19) പടരുന്നതിനിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ തേടുന്ന കൈകള്‍ അണുവിമുക്തമാക്കുന്ന സാനിറ്റൈസറിന് കുത്തനെ വിലകൂട്ടിയിരിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഹിമാലയ കമ്പനിയുടെ സാനിറ്റൈസറിന് 16 ഇരട്ടിവരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്.

സോപ്പും സാനിറ്റൈസറും ഉപയോഗിച്ചു കൈകഴുകുകയാണു കൊറോണയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് ജനങ്ങള്‍ സാനിറ്റൈസറുകള്‍ക്കായി പരക്കം പായുമ്പോഴാണ് ഈ കൊള്ളയടി.

അതേസമയം, ഒരു ജീവനെക്കാളും വലുതാണ് കൊള്ളലാഭമെന്ന ഈ സ്വകാര്യ കമ്പനികളുടെ നിലപാടിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം ജനരോഷം പുകയുകയാണ്. കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറുകള്‍ക്ക് ക്ഷാമം വന്നതോടെയാണ് ജനത്തിന്റെ ശ്രദ്ധ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞത്.

30 മില്ലി ലീറ്ററിന്റെ ബോട്ടിലിന് ഫ്ളിപ്കാര്‍ട്ട് 16 മടങ്ങ് വിലയാണ് ഈടാക്കുന്നത്. ഫ്ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ റീട്ടെയില്‍സ് എന്ന സെല്ലര്‍ ലിസ്റ്റ് ചെയ്ത ഹിമാലയ പ്യൂര്‍ ഹാന്‍ഡ്സ് 30 മില്ലി ലീറ്റര്‍ ബോട്ടിലിന് 999 രൂപയാണ് ഈടാക്കുന്നതെന്നാണ് പ്രധാന പരാതി.

അതേസമയം, ഇത് ഒരേ ഉല്‍പന്നത്തിന് പല വിലകള്‍ വരുന്നത് നിരവധി സെല്ലര്‍മാര്‍ ലിസ്റ്റ് ചെയ്യുന്നതു കൊണ്ടാണെന്നാണു ഫ്ളിപ്കാര്‍ട്ട് ഹെല്‍പ് സെന്ററിന്റെ വിശദീകരണം.

ഈ അടിയന്തിര സാഹചര്യത്തിലുള്ള മനുഷ്യത്വരഹിതമായ നടപടിയ്‌ക്കെതിരേ വലിയ ജനരോഷമാണുയരുന്നത്. പരമാവധി വില്‍പന വിലയേക്കാള്‍ (എംആര്‍പി) കൂടിയ നിരക്കിലാണ് ഇവ ഇപ്പോള്‍ ഫ്ളിപ്പ് കാര്‍ട്ടില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഇക്കാര്യം കമ്പനിയുടെ അറിവോടെയല്ലെന്നും ഇതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും ഹിമാലയ ഡ്രഗ് കമ്പനി ട്വീറ്റ് ചെയ്തു. പ്യൂര്‍ ഹാന്‍ഡ്സിന്റെ വില കമ്പനി കൂട്ടിയിട്ടില്ല.

തേഡ് പാര്‍ട്ടി സെല്ലേഴ്സാണ് അനധികൃതമായി ഉല്‍പന്നങ്ങള്‍ക്കു വില കൂട്ടുന്നത്. ഇവരുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ല. നിയമാനുസൃതമായ നടപടികള്‍ കമ്പനി സ്വീകരിക്കുമെന്നും ഹിമാലയ വ്യക്തമാക്കി. എന്തായാലും സംഭവം ഇതിനോടകം വന്‍ വിവാദമായിട്ടുണ്ട്.

Related posts

Leave a Comment