തൃശൂർ: അയ്യന്തോൾ കാർത്യായനി ക്ഷേത്രപരിസരങ്ങളിലും സമീപത്തെ ജനവാസമേഖലകളിലും പകൽസമയത്തുപോലും കുറുനരികളുടെ സാന്നിധ്യം വർധിക്കുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
വന്യജീവിശല്യം രൂക്ഷമായതോടെ കടുത്ത ഭീതിയോടെയാണ് പ്രദേശത്തുകാർ കഴിയുന്നത്. കോഴി, ആട്ടിൻകുട്ടികൾ ഉൾപ്പെടെയുള്ള ചെറിയ വളർത്തുമൃഗങ്ങളെ ഇവ പിടികൂടാൻ സാധ്യതയേറെയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വീട്ടുപരിസരങ്ങളിൽ കുറുനരികൾ തമ്പടിക്കുന്നതു കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയ്ക്കു വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. വന്യജീവിവകുപ്പിന്റെ കൃത്യമായ നിയമാനുമതിയോടെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും കുറുനരികളെ നിയന്ത്രിക്കുന്നതിനായി വനംവകുപ്പിന്റെ പ്രത്യേക ലൈസൻസുള്ള ഹണ്ടർ പ്രദേശത്ത് എത്തുമെന്ന വിവരങ്ങളാണ് ആദ്യം പുറത്തുവന്നതെങ്കിലും നിയമക്കുരുക്കുകളുടെ അടിസ്ഥാനത്തിൽ അതിനു കഴിയില്ലെന്നു കൗൺസിലർ വത്സല ബാബുരാജ് അറിയിച്ചു. അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിക്കുമെന്നും അവർ അറിയിച്ചു.
