ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി കഴിക്കാൻ എന്തുണ്ടെന്ന് ചോദിച്ച തളത്തിൽ ദിനേശന്റെ തമാശ കേട്ട് ശോഭ ചിരിച്ചില്ലെങ്കിലും നമ്മളെല്ലാവരും ചിരിച്ച് മറിഞ്ഞതാണ്. അതുപോലൊരു തമാശയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കൻ യൂട്യൂബർ ലുഡ്വിഗ് ആൻഡേഴ്സ് അഹ്ഗ്രൻ തന്റെ സുഹൃത്തിനൊപ്പം മോട്ടോർസൈക്കിളിൽ ചൈനയിലൂടെയുള്ള ഒരു യാത്രയിലായിരുന്നു. 6.8 മില്ല്യണിലധികം ഫോളോവേഴ്സുള്ള പ്രമുഖനാണ് ലുഡ്വിഗ് ആൻഡേഴ്സ്. തെക്കൻ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിൽ നിന്ന് ആരംഭിച്ച് വടക്ക് ഇന്നർ മംഗോളിയ വരെ നീളുന്നതായിരുന്നു അവരുടെ യാത്ര.
യാത്ര അഞ്ചാം ദിവസത്തിലേക്ക് നീങ്ങി പക്ഷേ അന്നേ ദിവസം ഹുനാൻ പ്രവിശ്യയിലെ ഷാവോയാംഗ് മേഖലയിലൂടെ സഞ്ചരിക്കിന്നതിനിടെ ഇവർക്ക് വഴിതെറ്റി. അങ്ങനെ ഇവർ ഒരു ഗ്രാമത്തിലെത്തി. അവിടെ എത്തിയപ്പോൾ 90 വയസിന് മുകളിൽ പ്രായമുള്ളവർ മരിക്കുമ്പോൾ, ദുഃഖത്തിന് പകരം ആഘോഷമായി നടത്തുന്ന ‘സിസാങ്’ (xisang) അഥവാ ‘ഹാപ്പി ഫ്യൂണറൽ’ എന്ന പരമ്പരാഗത ചൈനീസ് ചടങ്ങ് ഇവർ കണ്ടു.
സാധാരണ ശവസംസ്കാര ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ചുവന്ന വിളക്കുകളും വലിയ ആൾക്കൂട്ടവും കണ്ട് ഇതൊരു ആധുനിക ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വിശന്നുതളർന്ന സഞ്ചാരികൾ, തങ്ങൾക്ക് അറിയാവുന്ന കുറച്ച് ചൈനീസ് വാക്കുകൾ ഉപയോഗിച്ച്, ‘ഞങ്ങൾക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ കഴിയുമോ’ എന്ന് ചോദിച്ചു.
ഇത് കേട്ട് നിന്ന ആ ഗ്രാമത്തിലെ ലീ എന്ന യുവാവ് അവരോട് ഇതൊരു ശവസംസ്കാര ചടങ്ങ് ആണെന്ന് പറഞ്ഞു. അവർക്ക് വിശക്കുന്നു എന്ന് മനസിലായതോടെ അദ്ദേഹം അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. മുൻപ് ഷെഫ് ആയി ജോലി ചെയ്തിരുന്ന ലിയുടെ പിതാവ്, ബ്രൈസ്ഡ് പോർക്ക് , ഫ്രൈഡ് എഗ്ഗ്, റോസ്റ്റ് ചെയ്ത കാരറ്റ് എന്നീ വിഭവങ്ങൾ അവർക്കായി ഒരുക്കി. ആ സ്നേഹവിരുന്ന് അവർ വളരെ ആസ്വദിച്ചു കഴിച്ചു. ഗ്രാമത്തിൽ നിന്ന് മടങ്ങുന്നതിന് മുൻപ്, മൂവരും പരസ്പരം ഇനിയും ബന്ധപ്പെടാനുള്ള വിവരങ്ങൾ മറ്റും കൈമാറാനും മറന്നില്ല.
