കോട്ടയം: വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണി ക്കൊന്ന പൂത്തു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷത്തെ മലയാളി വരവേല്‍ക്കുന്നത് വിഷുനാളിലെ കണിയോടെയാണ്. കണിയൊരുക്കത്തിലെ പ്രധാനമാണു കണിക്കൊന്ന പൂക്കള്‍. ഇത്തവണയും വളരെ നേരത്തേതന്നെ വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം കണിക്കൊന്നകള്‍ പൂത്തു.
വേനല്‍മഴയിൽ ചിലയിടങ്ങളിൽ കുറച്ചു പൂക്കള്‍ കൊഴിഞ്ഞുപൊകുന്നതിനു കാരണമായെങ്കിലും ഒട്ടുമിക്കയിടങ്ങളിലും കര്‍ണികാരം പൂത്തുനില്‍ക്കുന്നത് മനോഹരമായ കാഴ്ച തന്നെയാണ്. വേനല്‍ കനക്കുന്നതിനു മുമ്പ് പൂവിട്ട് മഴക്കാലമാകുമ്പോഴേക്കും വിത്തുകള്‍ പാകമാകുകയും ചെയ്യുന്നതാണ് സാധാരണ കണിക്കൊന്നകളുടെ രീതി.
എന്നാല്‍, ഏതാനും വര്‍ഷങ്ങളായി കണിക്കൊന്നകള്‍ക്ക് പൂക്കാന്‍ അങ്ങനെ കൃത്യമായ കാലമൊന്നുമില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂക്കുകയും വിഷുനാളുകളില്‍ പൂക്കളൊക്കെ കൊഴിഞ്ഞു നില്‍ക്കാറുമുണ്ട്. ഓണക്കാലത്തു പോലും കണിക്കൊന്നകള്‍ പൂക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്നമാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്.
കാലാവസ്ഥയിലെ വ്യതിയാനം മൂലം മരങ്ങളും ചെടികളും അവയുടെ പുഷ്പിക്കല്‍, കായ്ക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് നേരത്തേ പൂക്കുന്നത്. മാത്രവുമല്ല ഫ്ലോറിജന്‍ എന്ന സസ്യ ഹോര്മോണാണു പൂക്കാന്‍ സഹായിക്കുന്നത്. ചൂട് കൂടുമ്പോള്‍ ഫ്ലോറിജന്റെ ഉത്പാദനം വര്‍ധിക്കുന്നതും നേരത്തേ പൂക്കാനുള്ള കാരണമാണ്. വിഷു കേരളത്തില്‍ മാത്രമല്ല.
മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം ആഘോഷമാണ്. അതുകൊണ്ട് വിമാനം കയറി വിദേശത്തേക്കും കണിക്കൊന്നകള്‍ ഇപ്പോഴെത്തുന്നുണ്ട്. വിഷുവിനു തലേന്ന് വഴിയോരങ്ങളിലെല്ലാം കണിക്കൊന്നപ്പൂ കച്ചവടവും സജീവമാകും. ഇനി കണിക്കൊന്നപ്പൂ കിട്ടിയില്ലെന്നു കരുതി വിഷമിക്കേണ്ട ശരിക്കുമുള്ള പൂവിനെ വെല്ലുന്ന പ്ലാസ്റ്റിക്, പേപ്പര്‍ പൂക്കളും വിപണിയില്‍ ലഭ്യമാണ്. ഓണ്‍ലൈനായി വാങ്ങണമെങ്കില്‍ അങ്ങനെയും കിട്ടും.
- നൊമിനിറ്റ ജോസ്
