കരുവാരകുണ്ട്: ഇഞ്ചിക്കർഷക്കർക്ക് തിരിച്ചടിയായി ഫംഗസ് ബാധ. മലയോര മേഖലയിൽ അടക്കം ഫംഗസ് ബാധയാൽ വലിയ അളവിലുള്ള ഇഞ്ചിക്കൃഷിയാണ് നശിച്ചത്. ഇതോടെ വിത്തിനായി കർഷകർ പ്രയാസത്തിലായി. ഈയൊരു സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള വിത്ത് വിതരണം ചെയ്യാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കഴിഞ്ഞ സീസണിൽ
ഏക്കർക്കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് രോഗം ബാധിച്ച് നശിച്ചത്.കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയവർക്കും ഇത്തവണ രോഗബാധയെത്തുടർന്ന് കനത്ത നഷ്ടമാണുണ്ടായത്. രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം ഇഞ്ചി വിത്ത് ലഭിക്കാത്തതാണ് കൃഷിക്ക് തിരിച്ചടി.
വീട്ടാവശ്യത്തിന് ചെറിയ തോതിൽ കൃഷി നടത്തിയവരുടെ ഇഞ്ചിയും ഫംഗസ് ബാധയെ തുടർന്ന് പൂർണമായും നശിച്ചിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത് കറി ഇഞ്ചിയാണ്. എന്നാൽ മലയോരമേഖലയിൽ നാടൻ ഇഞ്ചി ചുക്ക് ഉത്പാദിപ്പിക്കാനാണ് കർഷകർ ഉപയോഗിക്കുന്നത്. അതേസമയം വയനാടൻ കറി ഇഞ്ചി തോല് കളഞ്ഞ് ഉണക്കിയാൽ ഗുണമേൻമയുള്ള ചുക്ക് ലഭിക്കില്ലെന്നാണ് മലയോരകർഷകർ പറയുന്നത്.
ജനുവരി മാസത്തിൽ തന്നെ കുമിൾനാശിനിയിൽ കഴുകി സൂക്ഷിക്കുന്ന മേൻമയുള്ള ഇഞ്ചിയാണ് വിത്തിനായി കർഷകർ ഉപയോഗിക്കുന്നത്. പൈറിക്കുലാരിയ വിഭാഗത്തിൽപ്പെട്ട കുമിൾ മൂലമുണ്ടാകുന്ന രോഗമാണ് ഇഞ്ചി കൃഷിക്ക് ഭീഷണി.
ഫംഗസ് ബാധ പെട്ടെന്ന് തന്നെ കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കും. വിത്ത് നട്ടതിന് ഒന്നര മാസത്തിനു ശേഷം വളപ്രയോഗത്തിന് ശേഷമാണ് തൈകളിൽ മഞ്ഞളിപ്പ് ബാധിച്ച് ഇഞ്ചി പൂർണമായും നശിച്ചത്.
