മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ അയിഷയെ കാത്തിരുന്നത് അദ്ഭുതം ! വീട് ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് ഒരുകൂട്ടം പെണ്‍കുട്ടികള്‍…

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കണ്ണീരോടെ ദുരിതം പറയുമ്പോള്‍ ആയിഷ അറിഞ്ഞിരുന്നില്ല തന്നെക്കാത്തിരിക്കുന്നത് വലിയൊരു സര്‍പ്രൈസാണെന്ന്. പിന്നില്‍ കാത്തുനിന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ആയിഷയുടെയും മകള്‍ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, ‘നഷ്ടമായ വീട് ഞങ്ങള്‍ പണിതുതരാം. അതും നിങ്ങള്‍ക്ക് എവിടെയാണോ വേണ്ടത് അവിടെ’. അമ്പരന്നുപോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികള്‍ കളി പറയുകയല്ലെന്ന് ബോധ്യമാകാന്‍ പിന്നെയും കുറെ നേരമെടുത്തു.

ആകെയുള്ള വീടും മൂന്ന് സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള്‍ മുതല്‍ വേവലോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാംപ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍ ഒരുവഴിയും മുന്നിലില്ല. മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല.

വാഹനത്തില്‍ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്തി മുഖ്യമന്ത്രി പറഞ്ഞു ‘നമുക്കു ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്’. ശേഷം മുഖ്യമന്ത്രി നീങ്ങിയതോടെ കോഴിക്കോട് അല്‍ഹംറ ഇന്റര്‍നാഷനല്‍ ഗേള്‍സ് ക്യാംപസിലെ 11 ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനികള്‍ ആശ്വാസ വാര്‍ത്തയുമായെത്തി. നൂറിലേറെ അംഗങ്ങളുള്ള ഹായ് ഫൗണ്ടേഷനിലെ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍. നിരവധി ആളുകളാണ് പെണ്‍കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നത്.

Related posts