തമ്മനത്ത് മുറി വാടകയ്ക്ക് നല്‍കുന്നതില്‍ നിന്ന് കടയുടമ പിന്മാറി! ഇനി മീന്‍ വാഹനത്തില്‍ കൊണ്ടു നടന്ന് വില്‍ക്കാനാണ് തീരുമാനം; എന്തൊക്കെ നേരിട്ടാലും തോറ്റ് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് ഹനാന്‍

തമ്മനത്ത് സ്റ്റാള്‍ തുറന്നു മീന്‍ വില്‍പ്പന നടത്താനുള്ള നീക്കം ഉപേക്ഷിച്ചതായി കോളജ് യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തി ശ്രദ്ധേയയായ ഹനാന്‍. തമ്മനത്ത് മീന്‍ കച്ചവടത്തിനായി കണ്ടെത്തിയ മുറി വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും കടയുടമ പിന്മാറിയതോടെ ഇനി മീന്‍ വില്‍പ്പന ആപ്പ വാഹനത്തിലാക്കാനാണ് തീരുമാനം.

വാഹനത്തില്‍ ഡോര്‍ ടു ഡോര്‍ ആയും വഴിയോരത്ത് നിര്‍ത്തിയിട്ടും കച്ചവടം നടത്താനാണ് ആലോചന. തൊടുപുഴയിലേക്കുള്ള 60 കി. മി. യാത്ര ഒഴിവാക്കാന്‍ കൊച്ചിയില്‍ തന്നെ പഠന സൗകര്യത്തിനും ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മീന്‍ കച്ചവടത്തിന് കൂടുതല്‍ സമയം ലഭിക്കും.

മീന്‍ ഡ്രസ് ചെയ്ത് കഷണങ്ങളാക്കി കറി വയ്ക്കാന്‍ പാകത്തില്‍ വീട്ടമ്മമാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനാണ് ആലോചന. അതോടൊപ്പം ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിളെയും ഓര്‍ഡറുകളും ശേഖരിക്കും.

മുറി വാടകയ്‌ക്കെടുത്ത് കച്ചവടം നടത്താനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ വാഹനത്തിലെ കച്ചവടത്തിനെതിരെ ആരെങ്കിലും രംഗത്ത് വരുമോ എന്നറിയില്ല. നോക്കാം. എന്ത് തന്നെ വന്നാലും താന്‍ തളരാതെ മുന്നോട്ട് പോകുമെന്നാണ് ഹനാന്‍ പറയുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ വച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് സാരമായ പരുക്ക് പറ്റിയതിനാല്‍ വീല്‍ ചെയറിലാണ് ഹനാന്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്. മുറിയില്‍ ചടഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ലെന്നാണ് ഹനാന്‍ പറയുന്നത്. ചികിത്സാ ചിലവ് സര്‍ക്കാര്‍ നോക്കും. പക്ഷേ ജീവിത / പഠന ചെലവുകള്‍ക്ക് പണം വേണം. ഹനാന്‍ പറഞ്ഞു.

Related posts