മദ്രസാ അധ്യാപകര്‍ക്ക് എന്തിന് പെന്‍ഷന്‍ നല്‍കണം എന്ന് ഹൈക്കോടതി ! മതകാര്യങ്ങള്‍ക്കു വേണ്ടി എന്തിനാണ് സര്‍ക്കാര്‍ പണം ചെലവാക്കുന്നതെന്നും കോടതിയുടെ ചോദ്യം…

കേരള മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി.മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്.

കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

മദ്രസ അധ്യാപര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് കോടതിയെ സമീപിച്ചത്.

ഖുറാനെക്കുറിച്ചും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ സി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഇതിനു വേണ്ടി പൊതുപണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ തത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

കേരളത്തിലെ മദ്രസകള്‍ ഉത്തര്‍പ്രദേശിലെയോ പശ്ചിമ ബംഗാളിലെയോ മദ്രസകളെപ്പോലെയല്ലെന്ന്, ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, കൗസര്‍ എഡപ്പഗത്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

അവിടെ മതപഠനത്തിനൊപ്പം മറ്റു കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മതപഠനം മാത്രമാണ് മദ്രസകളില്‍ നടക്കുന്നത്. മതകാര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തിനാണ് പണം ചെലവാക്കുന്നതെന്നുമായിരുന്നു കോടതിയുടെ ചോദ്യം.

Related posts

Leave a Comment