ബില്‍ ക്ലിന്റണ്‍- മോണിക്ക ലെവിന്‍സ്‌കി അവിഹിതബന്ധം അധികാര ദുര്‍വിനിയോഗമല്ലെന്ന് ഹിലാരി ക്ലിന്റണ്‍; സംഭവം നടക്കുമ്പോള്‍ മോണിക്ക പ്രായപൂര്‍ത്തിയായ സ്ത്രീയെന്നും ഹിലാരി

വൈറ്റ്ഹൗസിനെ പിടിച്ചു കുലുക്കിയ ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി അവിഹിത ബന്ധം അധികാര ദുര്‍വിനിയോഗമല്ലെന്ന് ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലാരി ക്ലിന്റണ്‍. അന്നത്തെ വിവാദത്തിന്റെ പേരില്‍ പ്രസിഡന്റ് പദവി രാജി വെയ്ക്കേണ്ട കാര്യമില്ലെന്ന് ക്ലിന്റണിന്റെ തീരുമാനം ശരിയായിരുന്നു.രണ്ട് പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത് മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്.

സംഭവം നടക്കുമ്പോള്‍ വൈറ്റ്ഹൗസില്‍ ഇന്റേണായിരുന്ന മോണിക്ക ലെവിന്സ്‌കിക്ക് 22 വയസ് പ്രായമുണ്ടായിരുന്നു. അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിന് പ്രായപൂര്‍ത്തിയായ സ്ത്രീയാണ്. അത്തരത്തില്‍ ഒരാളുമായി ബന്ധമുണ്ടായിയെന്ന കാരണം കൊണ്ട് ബില്‍ ക്ലിന്റണ്‍ രാജി വെയ്ക്കേണ്ട കാര്യമില്ലെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹിലാരി പറഞ്ഞു.അതുമായി ബന്ധപ്പെട്ട് പിന്നീട് കൃത്യ സമയത്ത് അന്വേഷണം നടന്നിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച കിന്റണ്‍ പിന്നീട് അത് സമ്മതിച്ചത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇംപ്ലീച്ച്മെന്റ് നടപടികള്‍ക്ക് വരെ കളമൊരുക്കിയ വിവാദം പിന്നീട് ക്ലിന്റണ്‍ മാപ്പ് പറഞ്ഞതോടെയാണ് അവസാനിച്ചത്. എന്തായാലും മോണിക്ക ലെവിന്‍സ്‌കി അതോടെ ആഗോള പ്രശസ്തയുമായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ സംഭവത്തേക്കുറിച്ച് മോണിക്ക മനസു തുറന്നിരുന്നു.

Related posts