പരവൂർ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ റിക്കാർഡ് ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളർച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. കിട്ടാക്കടം ഗണ്യമായി കുറഞ്ഞതും വായ്പാ-നിക്ഷേപ രംഗത്തെ വൻ കുതിപ്പുമാണ് ബാങ്കിംഗ് മേഖലയ്ക്ക് കരുത്തായത്. തുടർച്ചയായ നാലാം വർഷമാണ് പൊതുമേഖലാ ബാങ്കുകൾ മികച്ച ലാഭക്ഷമത നിലനിർത്തുന്നത്.
ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വർധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 15.7 ശതമാനം വളർച്ച രേഖപ്പെടുത്തി (127 ലക്ഷം കോടി രൂപ). പ്രധാനമായും റീട്ടെയ്ൽ (18.1 ശതമാനം), കൃഷി (15.5 ശതമാനം), ചെറുകിട-ഇടത്തരം സംരംഭങ്ങൾ ( 18.2 ശതമാനം) എന്നീ മേഖലകളിലെ വായ്പാ ആവശ്യങ്ങളിൽ ഉണ്ടായ വർധന രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കി. ആകെ നിക്ഷേപം 10.6 ശതമാനം വർധിച്ച് 156.3 ലക്ഷം കോടി രൂപയായും ഉയർന്നു.
ബാങ്കുകളുടെ ആസ്തി നിലവാരം മെച്ചപ്പെട്ടതാണ് ഇക്കുറി ഏറ്റവും വലിയ നേട്ടമായി വിലയിരുത്തുന്നത്. മൊത്തം കിട്ടാക്കടം 1.93 ശതമാനമായും അറ്റ കിട്ടാക്കടം വെറും 0.39 ശതമാനമായും കുറഞ്ഞു. ഇത് ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്. കാര്യക്ഷമമായ നടപടികളിലൂടെ 86,971 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് സാധിച്ചു.
സാങ്കേതിക മികവും മൂലധന കരുത്തും ഡിജിറ്റൽ പരിവർത്തനവും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ബാങ്കുകളുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചു. ബാങ്കുകളുടെ മൂലധന നിലവാരം 16.6 ശതമാനമാണ്. ഇത് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന 11.5 ശതമാനത്തേക്കാൾ ഏറെ മുകളിലാണ്.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ബാങ്കിംഗ് പരിഷ്കാരങ്ങളും മികച്ച ഭരണനിർവഹണ രീതികളുമാണ് തകർച്ചയുടെ വക്കിലായിരുന്ന പൊതുമേഖലാ ബാങ്കുകളെ ഇന്ന് ആഗോള നിലവാരത്തിലുള്ള ലാഭകരമായ സ്ഥാപനങ്ങളാക്കി മാറ്റിയിരിക്കുന്നത്. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ബാങ്കുകളുടെ ഈ കരുത്ത് നിർണായകമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
