പൂഞ്ഞാർ: വെറ്ററൻസ് അത്ലറ്റിക്സിൽ 70 പ്ലസ് വിഭാഗത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി പൂഞ്ഞാർ പയ്യാനിത്തോട്ടം സ്വദേശി ചിന്നമ്മ ജോസഫ് വട്ടോത്ത്. വെറ്ററൻസ് അത്ലറ്റിക്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആദ്യ കേരള സ്റ്റേറ്റ് വെറ്ററൻസ് അത്ലറ്റിക്സ് മെഗാ ചാമ്പ്യൻഷിപ്പിൽ ഒരുകിലോമീറ്റർ നടത്തം, 100, 200, 400 മീറ്റർ, 4×100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചിന്നമ്മ ജോസഫ് ഒന്നാം സ്ഥാനം നേടി.
ഇതിനു പിന്നാലെ മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 44-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 70 പ്ലസ് വിഭാഗത്തിൽ 200, 400 മീറ്ററുകളിൽ ഒന്നാം സ്ഥാനവും 100 മീറ്ററിലും 4×100 മീറ്റർ റിലേയിലും രണ്ടാം സ്ഥാനവും നേടി ചിന്നമ്മ മികവ് തെളിയിച്ചു.
സ്കൂള്‍ പഠനകാലം മുതല്‍ കായികമേഖലയോട് അഭിനിവേശമുണ്ടായിരുന്ന ചിന്നമ്മ വിവാഹശേഷം ഇവിടേക്കു തിരിഞ്ഞുനോക്കിയിരുന്നില്ല. ഏതാനുംവര്‍ഷം മുന്‍പ് പത്രത്തില്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം സംബന്ധിച്ച വാര്‍ത്ത കണ്ടാണ് വീണ്ടും കായികരംഗത്തേക്ക് എത്തുന്നതും പാലാ സിന്തറ്റിക് സ്റ്റേഡിയത്തിലടക്കമെത്തി പരിശീലനം പുനരാരംഭിക്കുകയും ചെയ്തത്.
ആദ്യ ശനിയാഴ്ചകളില്‍ പാലായില്‍ നടക്കുന്ന മാരത്തണുകളിലും ചിന്നമ്മ പങ്കെടുക്കുന്നുണ്ട്.ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന മാസ്റ്റേഴ്സ് മീറ്റിലും ചിന്നമ്മ മത്സരിക്കുന്നുണ്ട്. പഞ്ചാബില്‍ നടക്കുന്ന ദേശീയ മത്സരത്തിലും പങ്കെടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഭര്‍ത്താവ് വി.വി. ജോസഫും നാല് ആണ്മക്കളും ചിന്നമ്മയുടെ ആഗ്രഹത്തിന് ഫുള്‍ സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.
