‘ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞു: അവകാശവാദവുമായി ട്രംപ് വീണ്ടും  

വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

2025 മേയ് മാസത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് മാറുന്നത് തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.

യുദ്ധവിരാമ കരാറില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയിലൂടെയാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

Related posts

Leave a Comment