സാഹസികതയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏത് കടലാഴവും കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊമേഴ്സല്‍ സ്കൂബ ഡൈവിംഗില്‍ ഇന്ത്യയില്‍നിന്നുള്ള ഏക വനിതയായ പാലക്കാട് പട്ടാമ്പി പരുദൂരിലെ മണികണ്ഠന്-ലീന ദമ്പതികളുടെ മകള്‍ കെ.വി. അതുല്യ. സ്കൂബാ ഡൈവിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ വനിതയും കൊമേഴ്സ്യല്‍ സ്കൂബ ഡൈവിംഗില്‍ ഐഎന്‍സിഎ സര്‍ട്ടിഫിക്കറ്റ് നേടുന്ന ഇന്ത്യയിലെ പ്രഥമ വനിതയുമെന്ന ബഹുമതിയും കൈക്കലാക്കിയതിന് പിന്നില്‍ ഇരുപത്തിയൊന്പതു വയസുകാരിയായ അതുല്യയുടെ നിശ്ചയദാര്‍ഡ്യം ഒന്നുമാത്രം.
കൊമേഴ്സ്യല്‍ ഡൈവിംഗ് രംഗം അപകടസാധ്യതകള്‍ നിറഞ്ഞതായതിനാല്‍ പുരുഷാധിപത്യത്തിന്റേതാണ്. വിനോദത്തിനും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കുമായി നടത്തുന്ന സ്കൂബ ഡൈവിംഗില്‍ നിന്ന് വ്യത്യസ്തമായി സമുദ്രത്തിന്റെ അടിത്തട്ടിലെ സാങ്കേതിക ജോലികളാണ് കൊമേഴ്സ്യല്‍ സ്കൂബ ഡൈവര്‍മാരുടെ പ്രധാന ദൗത്യം. കടലിനടിയിലൂടെ കടന്നുപോകുന്ന ഓയില്‍-ഗ്യാസ് പൈപ്പ് ലൈനുകളുടെ പരിപാലനം, ഇന്റര്‍നെറ്റ് കേബിളുകളുടെ അറ്റകുറ്റപ്പണികള്‍, വെല്‍ഡിംഗ് ജോലികള്‍ തുടങ്ങി അതീവ അപകടകരമായ പ്രവര്‍ത്തനങ്ങളാണ് കൊമേഴ്സ്യല്‍ ഡൈവര്‍മാര്‍ നിര്‍വഹിക്കുന്നത്. സാഹസികത നിറഞ്ഞ ഈ മേഖലയിലേക്കാണ് അതുല്യ ചെന്നെത്തിയത്.
കടലാഴങ്ങള്‍ വര്ണപ്രപഞ്ചത്തിന്റേതാണെങ്കിലും വെല്ലുവിളികളും ഒട്ടും കുറവല്ല. ശക്തമായ അടിയൊഴുക്കുകളും ചുഴികളും, വൈദ്യുത ലൈനുകളുടെ ആകര്‍ഷണവലയം, സ്റ്റോണ്‍ ഫിഷ്, തിരണ്ടി, ലയണ്‍ ഫിഷ് തുടങ്ങിയ അപകടകാരികളായ സമുദ്രജീവികളും പ്രതികൂല കാലാവസ്ഥ തുടങ്ങിയവ ഈ രംഗത്തെ കനത്ത വെല്ലുവിളികളാണ്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഒരുവര്‍ഷത്തോളമായി സൗത്ത് ആഫ്രിക്കയിലെ കടലിന്റെ ആഴങ്ങളിലേക്ക് അതുല്യ മുങ്ങിച്ചെല്ലുന്നത്.
പോലീസാകാന്‍ കൊതിച്ചു; പോലീസിന്റെ പരിശീലകയായി
കൊടുമുണ്ട ജിയുപി സ്കൂള്‍, പരുദൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, പെരുമുടിയൂര്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ സെന്റ് മേരീസ് വിമന്‍സ് കോളജിലായിരുന്നു ഡിഗ്രി പഠനം. ലക്ഷ്യം എന്താണെന്ന് അധ്യാപിക ചോദിച്ചപ്പോള്‍ പോലീസാവണമെന്ന മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം പറഞ്ഞു. ഇതോടെ സഹപാഠികള്‍ പോലീസെന്ന വിളിപ്പേരും തുടങ്ങി.
ഡിഗ്രി പഠനത്തോടൊപ്പം സെന്റ് മേരീസില്ത്തന്നെ സിവില്‍ സര്‍വീസ് കോച്ചിംഗും തുടര്‍ന്നു. ഒരുദിവസം ക്ലാസെടുക്കുന്നതിനിടയില്‍ അധ്യാപിക സ്കൂബാഡൈവിംഗിന്റെ അനന്ത സാധ്യതകള്‍ വിവരിക്കുന്നതിനിടയില്‍ ഈ മേഖലയില്‍ വനിതാ സാന്നിധ്യം കുറവാണെന്നും വിവരിച്ചതോടെയാണ് ഒന്നു ശ്രമിച്ചു നോക്കാമെന്ന ചിന്ത നാമ്പിട്ടത്. കടലിനടിയിലെ കാഴ്ചകള്‍ കാണാനാകുക, നമുക്കെന്തും ചെയ്യാനാകുക, ശ്വസിക്കാനാകുക എന്നതൊക്കെ വലിയ അദ്ഭുതമായിരുന്നു. പരിശീലനം മുറുകിയതോടെ പോലീസ് വേഷം മനസില്‍നിന്ന് പടിയിറങ്ങി പകരം സ്കൂബയുടെ വേഷം ചേക്കേറുകയായിരുന്നു.
തിരുവനന്തപുരം കോവളത്തായിരുന്നു സ്കൂബാ ഡൈവിംഗില്‍ പരിശീലനം. പിന്നീട് സൗത്ത് ആഫ്രിക്കയിലെ ജാക് ഡൈവ് ചെസ്റ്റില്‍ കൊമേഴ്സല്‍ സ്കൂബാ ഡൈവിംഗില്‍ പരിശീലനം. ഇവിടെനിന്നാണ് കൊമേഴ്സ്യല്‍ സ്കൂബാ ഡൈവിംഗില്‍ ഇന്‍കാ (ഐഎന്‍സിഎ) സര്‍ട്ടിഫിക്കറ്റ് നേടി അതുല്യ ഇന്ത്യയിലെ ആദ്യ വനിതയെന്ന ബഹുമതി നേടിയത്. പിന്നീട് കേരളത്തിലെത്തി കോസ്റ്റല്‍ പോലീസിനായി മൂന്നുവര്‍ഷം പരിശീലകയായി. പിന്നീട് ഒരുവര്‍ഷം ആന്തമാനില്‍ ജോലി ചെയ്തു.
ഇതിനിടയിലാണ് പരിശീലനകാലത്തെ മികവ് പരിഗണിച്ച് സൗത്ത് ആഫ്രിക്കയിലെ കൊമേഴ്സ്യല്‍ കമ്പനി അതുല്യയെ തേടിയെത്തിയത്. പോകുന്നതിന് താത്പര്യമുണ്ടെങ്കിലും പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നതിനാല്‍ തനിക്ക് സാവകാശം വേണമെന്നാണ് അതുല്യ പറഞ്ഞത്.
എന്നാല്‍, സൗത്ത് ആഫ്രിക്കന്‍ കമ്പനി അതുല്യയെ വിട്ടുകളയാന്‍ തയാറല്ലായിരുന്നു. അതുല്യയുടെ യാത്രാ ചെലവുകളുള്‍പ്പെടെ കമ്പനി സ്പോണ്സര് ചെയ്തതോടെയാണ് സൗത്ത് ആഫ്രിക്കയിലെ കടലിലേക്കുള്ള യാത്രയാരംഭിച്ചത്. പരിശീലനകാലത്ത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും സിലിണ്ടറും ഹെല്മറ്റുമുള്പ്പെടെ 30 കിലോയിലേറെ ഭാരം ചുമന്നുള്ള യാത്ര ഇന്ന് ആസ്വദിക്കുകയാണ് അതുല്യ. കടലിന്റെ അടിത്തട്ടില്‍ ഉള്ളതൊനും നമുക്ക് സ്വന്തമല്ലെന്നും കടലിലെ ജീവനുകള്‍ നമ്മളെ പോലുള്ള ജീവനാണെന്നും അവയെ ശല്യം ചെയ്യാതെ അവരില്‍ ഒരാളായി മാറി അവയെ ആസ്വദിക്കണമെന്നുമുള്ള ഡൈവര്‍മാര്‍ക്കുള്ള തിയറി അണുവിട തെറ്റാതെ അതുല്യ പാലിക്കുന്നതിനാല്‍ കടല്‍ ജീവികളില്‍നിന്നുള്ള ഒരാക്രമണവും ഇതുവരെയുണ്ടായിട്ടില്ല എന്ന് അതുല്യ പറയുന്നു.
ചരിത്രങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കടലിന്റെ അടിത്തട്ട്
പ്രകൃതിയിലൊരിടത്തും കാണാന്‍ കഴിയാത്ത വര്‍ണപ്രപഞ്ചമാണ് കടലിന്റെ അടിത്തട്ടെന്ന് അതുല്യ പറയുന്നു. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന് പിന്നിലെ കടലിനടിയില്‍ ഗുഹാമുഖങ്ങള്‍ പോലുള്ള വിചിത്രമായ നിര്‍മിതികള്‍ അതുല്യ കണ്ടിരുന്നു. അതുപോലെ കോഴിക്കോട് കടലിടുക്കില്‍ ഡൈവ് ചെയ്തപ്പോള്‍ കുഞ്ഞാലി മരയ്ക്കാരുടെ ഒളിത്താവളമായി കരുതപ്പെടുന്ന ഇടത്ത് പുരാതന പടവുകളും പീരങ്കി ഉണ്ടകള്‍ തറച്ച പാടുകളും കാണാനായി. ചരിത്രത്തിന്റെ തിരുശേഷിപ്പുകളുടെ കലവറയാണ് കടലിന്റെ അടിത്തട്ടെന്നും ഇവിടങ്ങളില്‍ പഠനം നടത്തിയാല്‍ നാമിതുവരെയറിയാത്ത പുതിയ ചരിത്രമായിരിക്കും അവിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതായി കാണാന്‍ കഴിയുകയെന്നുമാണ് അതുല്യയുടെ അഭിപ്രായം.
പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനവും സംതൃപ്തിയുമാണുള്ളതെന്ന് അതുല്യ പറയുന്നു. മാത്രമല്ല എറ്റവും സുരക്ഷിതത്വമുള്ള ഇടം കടലിന്റെ അടിത്തട്ടാണെന്നാണ് അതുല്യയുടെ അഭിപ്രായം. കേരളത്തില്‍ സ്കൂബാ ഡൈവിംഗ് പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും പുരുഷാധിപത്യമുള്ള ഈ മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ക്ക് കടന്നുവരുന്നതിനുള്ള അവസരമൊരുക്കണമെന്ന ലക്ഷ്യമാണ് അതുല്യക്കുള്ളത്. ആത്മവിശ്വാസത്തോടെ സാഹസികതയുടെ പുറംചട്ടയണിഞ്ഞ് കടലാഴങ്ങളുടെ കൂട്ടുകാരിയായി മാറിയ ഈ യുവതി ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും അഭിമാനമായി മാറുകയാണ്. അശ്വിന് ദേവ്, ആതിര എന്നിവരാണ് സഹോദരങ്ങള്‍.
പീറ്റര്‍ ഏഴിമല
