ലോക്ക് ഡൗണ്‍ കാലത്ത് പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല ! ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ ഇറങ്ങിയതോടെ കളിമാറി; കെപുവയില്‍ ഇപ്പോള്‍ രാത്രി ഒരൊറ്റ മനുഷ്യനെ പുറത്തു കാണാനാവില്ല…

കോവിഡ് ബാധയെത്തുടര്‍ന്ന് ഒട്ടു മിക്ക ലോക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പല ആളുകളും ഇത് അനുസരിക്കുന്നില്ല.

വീട്ടിലിരിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുള്ളവരാണ് ഇത്തരക്കാര്‍. ഈ ഗ്രാമത്തിലും ഒരാഴ്ച മുമ്പ് സ്ഥിതി ഇതിനു സമാനമായിരുന്നു.

പോലീസിന്റെ നൈറ്റ് പട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല. ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ എഴുന്നേറ്റു വന്നതോടെ കളിമാറി. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപുവ ഗ്രാമത്തിലാണ് ഈ സ്ഥിതിവിശേഷങ്ങള്‍.

4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര്‍ മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു.

ആള്‍ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ? ‘പൊക്കോംഗ്’ കളെ ഇറക്കി.

ഇന്തോനേഷ്യന്‍ പഴമക്കാരുടെ കഥകളില്‍ ഏറെ ഭീതി വിതയ്ക്കുന്നവയാണ് പൊക്കോംഗുകള്‍.

തലയിലും കാലിലും കെട്ടോട് കൂടിയ വെള്ളവസ്ത്ര വേഷത്തില്‍ പൊക്കോംഗുകള്‍ ജനക്കൂട്ടത്തിന് അരികിലേക്ക് എത്തുമ്പോള്‍ നാട്ടുകാര്‍ പേടിച്ച് ഓടും.

നിര്‍ദേശങ്ങള്‍ അവഗണിച്ച് നാട്ടുകാര്‍ രാത്രിയില്‍ കൂട്ടം കൂടുകയും രോഗബാധ പടരുമെന്നുമുള്ള ഭീതി പരക്കുകയും ചെയ്തതോടെ ഇന്തോനേഷ്യന്‍ പോലീസും ഗ്രാമത്തിലെ യുവസംഘത്തിന്റെ തലവനും സഹകരിച്ചുണ്ടാക്കിയ തന്ത്രം വന്‍ വിജയമാകുകയായിരുന്നു. പ്രേതത്തിന്റെ വേഷം കെട്ടിയ യുവാക്കള്‍ ഭീതിയുടെ വിത്തു വിതച്ചു.

അങ്ങുമിങ്ങൂമായി ഇരുട്ടത്ത് പൊക്കോംഗുകളെ കാണാന്‍ തുടങ്ങിയതോടെ പേടിച്ച് മാതാപിതാക്കളും കുട്ടികളുമെല്ലാം വീട് വിട്ട് പുറത്തിറങ്ങാതായി.

വൈകിട്ടത്തെ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പിന്നെ ഒരുത്തനും പ്രേതത്തെ പേടിച്ച് വീട്ടില്‍ നിന്നും വെളിയില്‍ വരാതായതോടെ പാതകള്‍ വിജനമായി. ഇന്തോനേഷ്യയില്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ മാര്‍ച്ച് 31 നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രാലയം പ്രാദേശിക നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും സഞ്ചാരിക്കുന്നതിനും വിലക്കുണ്ട്.

വിദേശത്ത് നിന്നും വന്ന ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്ക് 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷനും നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ്19 വൈറസ് ബാധയുടെ അപകടമോ പ്രശ്നങ്ങളോ ഇപ്പോഴും ഇന്തോനേഷ്യന്‍ ജനത ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് കെപുവാ ഗ്രാമത്തിലെ തലവന്‍ പറയുന്നത്.

അതുകൊണ്ട് വീട്ടില്‍ അടങ്ങിയിരിക്കാനുള്ള നിര്‍ദേശമെല്ലാം അവഗണിച്ച് അവര്‍ ഇപ്പോഴും സാധാരണ ജീവിതം നയിക്കുകയാണ്. ഇത്തരക്കാരെ വീട്ടിലിരുത്താന്‍ പ്രേതത്തിനല്ലാതെ ആര്‍ക്കും പറ്റില്ലെന്നും അദ്ദേഹം പറയുന്നു.

Related posts

Leave a Comment