കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയെ അഞ്ച് പതിറ്റാണ്ട് പിന്തുണച്ച പുതുപ്പള്ളി ഉമ്മന്‍ ചാണ്ടി ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകന് ചാണ്ടി ഉമ്മന്‍ മണ്ഡലത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി. ഇത്തവണയും അത് തുടരാമെന്ന ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഒന്നാമതാണ്.
പുതുപ്പള്ളി, പാമ്പാടി, മീനടം, വാകത്താനം, അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1,73,253 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1957, 1960 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുകാരനായ പി.സി. ചെറിയാനും 1965, 1967 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മുകാരനായ ഇ.എം. ജോര്‍ജുമാണു വിജയിച്ചത്.
തുടര്‍ന്ന് 1970 മുതല്‍ 2023 വരെ മണ്ഡലത്തെ ഉമ്മന്‍ ചാണ്ടിയാണ് പ്രതിനിധീകരിച്ചത്. തുടര്‍ന്ന് ചാണ്ടി ഉമ്മനും. ഉപതെരഞ്ഞെടുപ്പിനുശേഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഉമ്മന്‍ ചാണ്ടി വികാരവും സര്‍ക്കാര്‍ വിരുദ്ധവികാരവും തുണയ്ക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.
ഉമ്മന്‍ ചാണ്ടിയുടെ അവസാന തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച് ഭൂരിപക്ഷം കുറയ്ക്കാനായ അനുഭവമാണ് എല്‍ഡിഎഫിന് നല്കുന്ന ആത്മവിശ്വാസം. മുതിര്‍ന്ന നേതാവും സഹകാരിയും കാപ്കോസ് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.എം. രാധാകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.എന്‍ഡിഎയില്‍ ബിഡിജെഎസാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് രവീന്ദ്രനാഥ് വാകത്താനമാണ് പോരാട്ടത്തിനിറങ്ങിയത്.
