വെസ്റ്റ് ബാങ്ക്: ഇസ്രയേലിന്റെ ആയുധ ഉത്പാദന ശേഷി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ ഗൂഷ് എറ്റ്സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്ധരുമായി സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറയുകയും ചെയ്തു. നമുക്ക് നമ്മുടേതായ സ്വതന്ത്രമായ ആയുധോത്പാദന സംവിധാനം ആവശ്യമാണ്. സ്വന്തം ആയുധങ്ങൾ നമ്മൾ നിർമിച്ചേ തീരൂ. ഇറാനെയും അവരുടെ ആശ്രിത സംഘങ്ങളെയും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. 30 വർഷം കഴിയുമ്പോൾ നാം എവിടെയായിരിക്കും എന്നത് നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽനിന്ന് മോചനം നേടണം. കൂടുതൽ കരുത്ത് ആർജിക്കണമെങ്കിൽ കൂടുതൽ സാങ്കേതികവിദ്യ ഉൾക്കൊള്ളണം. കമാൻഡർമാരുടെ കൂടുതൽ തലമുറകളെ പരിശീലിപ്പിക്കണം. നമ്മുടെ ഭാവി നിർണയിക്കുന്നത് ഇതൊക്കെയാണ്- നെതന്യാഹു പറഞ്ഞു.
