മോദിയുടെ ബഹിരാകാശ പദ്ധതികള്‍ അതിന് തെളിവാണ്! മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നു എന്നത് ആവര്‍ത്തിച്ച്, പരിഹാസങ്ങളെ അവഗണിച്ച് ത്രിപുര മുഖ്യമന്ത്രി

മഹാഭാരത കാലത്തും ഇന്റര്‍നെറ്റുണ്ടായിരുന്നു എന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന വലിയ വിവാദത്തിനും അതുപോലെതന്നെ പരിഹാസത്തിനും വഴിവച്ചിരുന്നു. കേരളത്തിലെ ട്രോളന്മാര്‍ മഹാഭാരത കാലത്തെ ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് തലങ്ങും വിലങ്ങും ട്രോളുകളും ഉണ്ടാക്കികൊണ്ടിരിക്കുകയാണ്.

എന്നാല്‍ തന്നെ എത്രയൊക്കെ കുറ്റപ്പെടുത്തിയാലും പരിഹസിച്ചാലും മാഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നുവെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് താനെന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറയുന്നത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാരിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് അദ്ദേഹം നിരത്തുന്ന പുതിയ വാദം.

ഭാരതത്തിന്റെ മഹത്തായ സംസ്‌കാരം അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് തന്റെ പ്രസ്താവനയെ കളിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ മഹത്വത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്നവരാണ് 99% ഇന്ത്യക്കാരുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സംസ്‌കാരത്തിന് വിശ്വാസയോഗ്യമായ തെളിവാണ് രാമയണവും മഹാഭാരതവും ഉപനിഷത്തുകളും. 50 കിലോമീറ്റര്‍ അകലെ സംഭവിക്കുന്ന കാര്യങ്ങള്‍ ഒരാള്‍ക്ക് കാണാനും അത് രാജാവിന് പറഞ്ഞുകൊടുക്കാനും കഴിയുന്നുണ്ടെങ്കില്‍ അവിടെ ഒരു സാങ്കേതിക വിദ്യയുണ്ട്. അതൊരിക്കലും കണ്ണുകൊണ്ട് കാണാനാവില്ല. അവിടെ ചില സാങ്കേതിക വിദ്യയുണ്ടാവും. സഞ്ജയിയുടെ സാങ്കേതിക വിദ്യയാണ് ഇന്നത്തെ ഇന്റര്‍നെറ്റ്. അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഭാരതത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തേയും വിലകുറച്ചുകാണുന്നവരും യൂറോപ്യന്‍സിനെ മഹത്വവത്കരിക്കുന്നവരുമാണ് എന്റെ പ്രസ്താവനയെ വിമര്‍ശിക്കുന്നത്. നമ്മുടെ രാജ്യം മഹത്തായിരുന്നു എന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല. മഹാഭാരതത്തില്‍ വിവരിച്ച കാര്യം ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം പറഞ്ഞു.

പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേ ചൊവ്വാഴ്ചയാണ് മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട്.’ എന്നായിരുന്നു പരാമര്‍ശം.

Related posts