ഉപ്പുതറ: ഇറാനിൽ ഇന്റേൺഷിപ്പിനുപോയ യുവാവ് വീട്ടിലേക്ക് വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ആലടി ആഞ്ഞിലിമൂട്ടിൽ സജന്റെ മകൻ ജെറിൻ ജോസഫ് വീട്ടിലേക്ക് ഫോൺ വിളിച്ചത്.
ഞങ്ങൾ കപ്പലിൽ സുരക്ഷിതരാണ്, ഇറാനിലെ ബുഷാർ എന്ന സ്ഥലത്താണുള്ളത് എന്നാണ് ജെറിൻ മാതാപിതാക്കളോട് പറഞ്ഞത്. മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് 2025 ജൂലൈ 27നാണ് ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്. അന്നു മുതൽ മിക്കവാറും ദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. ഇറാൻ-ഇസ്രയേൽ – അമേരിക്ക യുദ്ധം തുടങ്ങിയതോടെ ജെറിന് വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിന്റെ സന്ദേശം വീട്ടുകാർക്ക് കിട്ടിയത്. യുദ്ധം പ്രശ്നമാണെന്നും പിറ്റേന്നു വിളിക്കാം എന്നുമായിരുന്നു സന്ദേശം. എന്നാൽ, പിന്നീട് വിളിക്കുകയോ, സന്ദേശമയയ്ക്കുകയോ ചെയ്തില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു.
ഇന്റേൺഷിപ്പിന് അയച്ച ചെന്നൈ രുദ്രാക്ഷ മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. അവർ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് അവിടെനിന്നു കിട്ടിയത്. അതിനുശേഷം 35 -ാം ദിവസം മകനുമായി സംസാരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ജെറിന്റെ മാതാപിതാക്കൾ.
