തൊടുപുഴ: കഴിഞ്ഞ ദിവസം നിര്യാതയായ മറ്റപ്പിള്ളില്‍ ജയമ്മ മാത്യുവിന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചം പകരും. തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ജയമ്മ വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ചിരുന്നതും കുടുംബാംഗങ്ങളോട് പങ്കുവച്ചിരുന്നതുമായ ആഗ്രഹമാണ് തന്റെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുകയെന്നത്.
പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയമ്മ മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വിവരം തൊടുപുഴ സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഏറ്റുമാനൂരിലെ ആശുപത്രിയില്‍നിന്നു ഡോക്ടര്‍മാരെത്തി നേത്രപടലങ്ങള്‍ നീക്കം ചെയ്തു. മരണശേഷം തന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് വെളിച്ചമാകണമെന്ന ജയമ്മയുടെ അഭിലാഷം ഇതോടെ സാധ്യമായി. സ്നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയുള്ള 231-ാമത്തെ നേത്രദാനമാണ്. ഫോണ്‍: 9847147747.
