കുറുമ്പ് ലേശം കൂടുന്നുണ്ട് ! കൊറോണക്കാലത്ത് ഡേറ്റാ ഉപയോക്താക്കള്‍ക്ക് പാലുംവെള്ളത്തില്‍ പാഷാണം കലക്കി നല്‍കി ജിയോ…

പരിധിയില്ലാതെ ഡേറ്റ നല്‍കിയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കളെ കൈയ്യിലെടുത്തതും മറ്റ് ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്തതും.

ഇത്തവണ കൊറോണക്കാലത്ത് ആളുകള്‍ക്ക് ഉപകാരപ്രദമായി തങ്ങളുടെ ബൂസ്റ്റര്‍ ഡാറ്റ പാക്കേജ് സൗജന്യമായി ഇരട്ടിയാക്കിയാണ് ജിയോ കോവിഡ് ബാധിതരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചത്.

അതായത്, 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബിയും 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 12 ജിബി എന്നുമായിരുന്നു വാഗ്ദാനം.

കൊറോണ പടരുന്നതിനു മുമ്പ് ഡേറ്റ പാതി മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇങ്ങനെ റീചാര്‍ജ് ചെയ്യുമ്പോള്‍ മുമ്പുണ്ടായിരുന്ന വൗച്ചറുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍.

ഈ സൗജന്യം നല്‍കുന്നതിനു മുന്‍പ് 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബി ഡേറ്റ കിട്ടിയിരുന്നു. അപ്പോള്‍ 50 രൂപയുടെ സൗജന്യവൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചിരുന്നു.

ഫലത്തില്‍ 51 രൂപയ്ക്ക് 6 ജിബി ലഭിച്ചിരുന്നു. ഇപ്പോള്‍ നല്‍കുന്നതും അതു തന്നെ. മുന്‍പുണ്ടായിരുന്ന ക്യാഷ് ഡിസ്‌ക്കൗണ്ട് വൗച്ചര്‍ കമ്പനി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്.

ഒരു ഡേറ്റാ പാക്കേജിലും ഈ വൗച്ചര്‍ ഇപ്പോള്‍ നിലവിലില്ല. ഇതു പിന്‍വലിക്കുന്ന കാര്യം കമ്പനി ഉപയോക്താക്കളെ അറിയിച്ചിട്ടുമില്ല.

കൊറോണ വ്യാപകമായതോടെ വര്‍ക്ക് അറ്റ് ഹോം പദ്ധതിയ്ക്ക് സഹായകരം എന്ന ലേബലിലാണ് ജിയോ പുതിയ പദ്ധതി അവതരിപ്പിച്ചത് കേട്ടവര്‍ കേട്ടവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

എന്നാല്‍ റീച്ചാര്‍ച്ച് ചെയ്യാന്‍ മൈ ജിയോ ആപ്പില്‍ കയറിയപ്പോഴാണ് എല്ലാവരും ‘ആപ്പിലായ’ വിവരം അറിയുന്നത്.

കൊറോണയെ മറി കടക്കാന്‍ സ്വന്തം നിലയ്ക്ക് വീട് ഓഫീസാക്കി മാറ്റിയവര്‍ക്കാണ് ജിയോ ശരിക്കും പണി നല്‍കിയിരിക്കുന്നത്.

അപ്‌ലോഡിങ് സ്പീഡില്‍ പണ്ടേ എയര്‍ടെല്ലിനേക്കാളും വൊഡഫോണ്‍-ഐഡിയയേക്കാളും പിന്നിലുള്ള ജിയോ വീണ്ടും പിന്നോക്കം പോയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

മൊത്തത്തില്‍ വീട്ടിലിരുന്ന് പണി ചെയ്യുന്നവര്‍ക്ക് എട്ടിന്റെ പണിയാണ് ജിയോ നല്‍കിയതെന്ന് സാരം.

Related posts

Leave a Comment