വാക്‌സിനെടുക്കൂ… ഒരു ബിയറൊക്കെ നുകര്‍ന്ന് മുടിയൊക്കെ നല്ല സ്റ്റൈലില്‍ വെട്ടി കൂളായി മടങ്ങൂ; അമേരിക്കന്‍ ജനതയോട് ജോ ബൈഡന്‍ പറയുന്നതിങ്ങനെ…

എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനെടുത്താല്‍ കോവിഡ് 19ല്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമെന്ന് അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ജോ ബൈഡന്‍.

അമേരിക്കന്‍ ജനസംഖ്യയില്‍ പകുതിപ്പേരും വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് മുമ്പ് സംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം.

വാക്‌സിന്‍ എടുക്കാന്‍ മടിക്കേണ്ടെന്നും ഒരു ബീയര്‍ കുടിച്ച് കൂളായി വാക്‌സീനെടുത്ത് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂവെന്നുമാണ് ബൈഡന്‍ ജനങ്ങളോട് പറയുന്നത്.

ലോട്ടറിയും ബീയറും മുതല്‍ നല്ല സ്‌റ്റൈലന്‍ ഹെയര്‍ കട്ട് വരെ സമ്മാനമായി വാഗ്ദാനം ചെയ്താണ് വാക്‌സിന്‍ എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

യൂണിവേഴ്‌സിറ്റികളും സമ്പൂര്‍ണ വാക്‌സീനേഷന്‍ ദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തിട്ടുണ്ട്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്.

ഒട്ടുമിക്ക സംസ്ഥാനങ്ങളും സൗജന്യവാക്‌സീന്‍ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി വേഗത്തില്‍ ലക്ഷ്യത്തിലെത്താനാണ് ബൈഡന്‍ സര്‍ക്കാരിന്റെ തീരുമാനം.

ഇതിനായി വന്‍കിട ബ്രൂവറുമാരായ ആന്‍ഹ്യൂസര്‍ ബുഷ് മുതല്‍ ഹെയര്‍ സലൂണുകളുമായി വരെ വൈറ്റ്ഹൗസ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്ത് ഓഫര്‍ നല്‍കിയിട്ടായാലും വാക്‌സീന്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

എന്തായാലും ഇന്ത്യയില്‍ വാക്‌സിന്‍ കിട്ടാന്‍ കാലതാമസം നേരിടുന്നതിനാല്‍ ഇത്തരം ഓഫറിന്റെ ആവശ്യം വേണ്ടി വരില്ല. ആവശ്യത്തിനു വാക്‌സിനും ഇത്തരം ഓഫറുമുണ്ടായിരുന്നെങ്കില്‍ മലയാളികളെല്ലാം പൊളിച്ചേനെ എന്നാണ് ചിലര്‍ പറയുന്നത്.

Related posts

Leave a Comment