കാബൂൾ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷം. തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രി ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാനിസ്ഥാൻ. ഈ ആപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു.
കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ആശുപത്രി ആക്രമിക്കപ്പെട്ടുവെന്നും നിരവധി പേരിൽ ജീവൻ അപഹരിച്ചുവെന്നും അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആരോപണങ്ങൾ പൂർണമാ
യും അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സെയ്ദി അഭിപ്രായപ്പെട്ടു. സൈനിക കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് ലക്ഷ്യമിട്ടതെന്നും ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.
അതിർത്തിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരികയാണ്. അതിർത്തിക്കടുത്ത് അടുത്തിടെയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകൾ തങ്ങളുടെ രാജ്യത്ത് ആക്രമണങ്ങൾ നടത്തുന്നതായി പാകിസ്ഥാൻ നിരന്തരം ആരോപിക്കുന്നു. മറുവശത്ത്, താലിബാൻ സർക്കാർ ഈ ആരോപണങ്ങൾ നിരന്തരം നിഷേധിച്ചു.
അതേസമയം, മേഖലയിലെ സ്ഥിരത നിലനിർത്താൻ തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി അവസാനം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്.ഏറ്റുമുട്ടലുകൾ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. കാബൂളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് നബി ആശങ്ക പ്രകടിപ്പിച്ചു.
