കൊച്ചി: അതിമാരക ലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസില്‍ വില്പനയില് പ്രതികള്‍ക്ക് ലഭിച്ചിരുന്നത് 50 ഇരട്ടിയിലേറെ ലാഭമെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ കബൂത്തര്‍ ഭായിയുടെ കൂട്ടാളി ആസം മൊറിഗോണ്‍ തെങ്കാഗുരി സ്വദേശി മസൂദ് ആലം (25) എന്നയാളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ്, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തു നിന്ന് പിടികൂടുകയുണ്ടായി. ഇയാളുടെ പക്കല്‍ നിന്ന് 21 ഗ്രാം ചൈനാ വൈറ്റ് ഹെറോയിന്‍ പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം ടൗണ്‍ ഭാഗത്ത് നിന്ന് ഇത്രയും വലിയ അളവില്‍ ഹെറോയിന്‍ പിടികൂടുന്നത് ഇത് ആദ്യമാണ്.കഴിഞ്ഞ ദിവസം കാക്കനാട് ഭാരത് മാതാ കോളജിന് സമീപത്ത് നിന്ന് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് കച്ചവടം നടത്തിയ കബൂത്തര്‍ ഭായി എന്ന ജുഹിദുള് ഇസ്ലാം എന്നയാളെയും സുഹൃത്തിനേയും എക്സൈസ് സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ടീം പിടികൂടിയിരുന്നു.
ഇയാളുടെ ആവശ്യപ്രകാരമാണ് അസാമിലെ ഗരീംഖജില് നിന്ന് മസൂദ് ആലം മയക്കു മരുന്നുമായി എറണാകുളത്ത് എത്തുന്നത്. കെഎസ്ആര്‍ടി സി സ്റ്റാൻഡിന് സമീപം മയക്കു മരുന്ന് കൈമാറാന്‍ ഇടനിലക്കാരെ കാത്ത് നില്ക്കവേ ആണ് മസൂദ് ആലം എക്സൈസിന്റെ പിടിയിലാവുന്നത്.
റേവ് പാര്‍ട്ടികളിലെ ഉറ്റതോഴന്‍
വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം മയക്കുമരുന്നുകള്‍ റേവ് പാര്‍ട്ടികള്‍ക്കാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അസാമിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് തുച്ഛമായ വിലക്ക് എത്തിക്കുന്ന ചൈനാ വൈറ്റ് ഹെറോയിന്‍ കേരളത്തില്‍ എത്തിയാല്‍ കബൂത്തര്‍ ഭായിക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചിരുന്നത് 50 ഇരട്ടിയിലേറെ ലാഭമാണ്. ഇത് കണ്ട് കൊണ്ടാണ് ആവശ്യക്കരുടെ പക്കല്‍ നിന്ന് മുന്‍കൂറായി പണം വാങ്ങി അസമില്‍ നിന്ന് മയക്കു മരുന്ന് എത്തിച്ച് ഇവര്‍ വന്‍തോതില്‍ വിതരണം ചെയ്ത് വന്നിരുത്. ഇതിന്റെ വീര്യം തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ഥികളിലേക്കും യുവതിയുവാക്കള്‍ പോലെയുള്ളവരുടെ ഇടയിലേക്ക് കൂടി ഇതിന്റെ ഉപയോഗം വ്യാപിക്കുകയായിരുന്നു.
ലഹരിക്കടത്ത് പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച്
അസമില്‍ നിന്ന് വെറും കൈയോടെ വരുന്ന രീതിയാണ് കടത്തുകാര്‍ക്ക് ഉള്ളത്. ഇവരുടെ കൈവശം ബാഗ് പോലുള്ളവ ഒന്നും തന്നെ ഉണ്ടാകില്ല. പ്രത്യേകം തയാറാക്കിയ നിരവധി അറകള്‍ ഉള്ള ഹെറോയിന്‍ അടങ്ങിയ ബോക്സ് ഒളിപ്പിക്കാന്‍ പാകത്തിന് തയാറാക്കിയ അടിവസ്ത്രങ്ങളാണ് ഇവര്‍ ലഹരിക്കടത്തിനായി ഉപയോഗിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ പിടിക്കപ്പെടുകയുള്ളൂ. ട്രെയിനില്‍ എസി കംപാര്‍ട്ട്മെന്റില്‍ അടക്കം സഞ്ചരിച്ചാണ് ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുന്നത്. സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും ആഡബര വസ്ത്ര ധാരികളായാണ് ഇവര്‍ യാത്ര ചെയ്യുന്നതും.
കൂടുതല്‍ അറസ്റ്റിന് സാധ്യത
മസൂദ് ആലമില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുന്നുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ടീമിലെ ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, സിവില്‍ എക്സൈസ് ഓഫീസര്‍ അരവിന്ദ് ഉണ്ണി, ഐബി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം നോര്‍ത്ത് സര്‍ക്കിളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സേതു ലക്ഷ്മി, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എച്ച്. ഷിഹാബുദ്ദീന്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
- സ്വന്തം ലേഖിക
