ആരോടും പറയാതെ സ്റ്റേജിലേക്ക് വന്ന ചേട്ടനെ കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് രംഗം! സഹോദരസ്‌നേഹം തുളുമ്പി നില്‍ക്കുന്ന ചിത്രം ആരാധകരുമായി പങ്കുവച്ച് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

കലാഭവന്‍ മണിയോടൊപ്പമുള്ള, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം പങ്കുവച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് സഹോദര സ്‌നേഹത്താല്‍ മണി കണ്ണീരണിഞ്ഞിരിക്കുന്ന ചിത്രമാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ നൃത്ത വിദ്യാലയത്തിലേയ്ക്ക് ഉദ്ഘാടനത്തിനായി കടന്നുവന്ന കലാഭവന്‍ മണിയെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച സംഭവം വിവരിച്ചുകൊണ്ടാണ് ഈ ചിത്രം മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പങ്കുവച്ചിരിക്കുന്നത്. ഏതായാലും ചിത്രം ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആര്‍.എല്‍.വി രാമകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ…

ഈ ഫോട്ടോ നിലയ്ക്കില്ല ഒരിക്കലും, മണിനാദം എന്ന ഗ്രൂപ്പില്‍ കണ്ടതാണ്. ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നമനടയിലെ നൃത്ത വിദ്യാലയത്തില്‍ വാര്‍ഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മണി ചേട്ടന്‍.

പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാല്‍ എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി. നാട്ടുകാരുടെ മുന്‍പില്‍ ഞാനെന്തു പറയും എന്ന് വിചാരിച്ച് പകച്ച് നില്‍ക്കുന്ന സമയം.

ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി.

Related posts