അടൂര്‍: രാഷ്ട്രീയ പോരാട്ടങ്ങളിലെ ഉറ്റതോഴന്റെ വിയോഗം ബാക്കിവച്ച ശൂന്യതയിലേക്ക് രാഹുല്‍ ഗാന്ധിയുടെ സാന്ത്വനസ്പര്‍ശം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ വിജയത്തിനരികെ വരെ പോരാടി അകാലത്തില്‍ വിട്ടുപിരിഞ്ഞ കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി ചേര്‍ത്തുനിര്‍ത്തി.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന എം.ജി. കണ്ണന്റെ ഭാര്യ സജിത കണ്ണന്, മക്കളായ ശിവകിരണ്‍, ശിവഹര്ഷ് എന്നിവരാണ് ഇന്നലെ അടൂരിലെ പ്രസംഗവേദിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയത്. കുട്ടികളെ വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തിയ രാഹുല്‍, കുടുംബത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. മക്കള്‍ക്ക് മധുരം നല്കി, നിറഞ്ഞ സ്നേഹത്തോടെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്.
ജീവിതത്തിലെ കഠിനമായ പ്രയാസങ്ങളോടു പൊരുതിയാണ് കണ്ണന് പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിയത്. പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും പ്രവര്‍ത്തന മികവുമാണ് അദ്ദേഹത്തെ അടൂരിന്റെ സ്ഥാനാര്‍ഥിയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് കണ്ണന് വിജയം നഷ്ടമായത്. പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അത് അദ്ദേഹത്തിന് തടസമായില്ല. അടൂരിലെ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം.
