കൊച്ചി: കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിളമ്പുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഇന്ദിര കാന്റീന് പദ്ധതി കൊച്ചിയിലും നടപ്പാക്കാനുള്ള കോര്പറേഷന് പ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രീയപ്പോര്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൊച്ചിയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച സമൃദ്ധി അറ്റ് കൊച്ചി ജനകീയ ഹോട്ടലിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
പത്ത് രൂപയ്ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അതിന്റെ മറവില്‍ സമൃദ്ധിയെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ല. സദുദ്ദേശ്യമായിരുന്നെങ്കില്‍ നിലവിലുള്ള സമൃദ്ധിവഴിതന്നെ ഈ നിരക്കില്‍ ഭക്ഷണം നല്‍കാം.
പകരം സമൃദ്ധിയുടെതന്നെ സ്ഥലം ഉപയോഗിച്ച് അവിടെ ഇന്ദിര കാന്റീന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍നിന്ന് യുഡിഎഫിന്റെ ഗൂഢലക്ഷ്യം വ്യക്തമാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.
നഗരത്തിലെയും ഫോര്ട്ടുകൊച്ചിയിലെയും സമൃദ്ധി അറ്റ് കൊച്ചിയുടെ ഭാഗമായാകും ഇന്ദിര കാന്റീന് ആരംഭിക്കുന്നതെങ്കിലും ഭാവിയില്‍ സ്വതന്ത്ര ഭക്ഷണശാലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മേയര്‍ വി.കെ. മിനിമോള്‍ വ്യക്തമാക്കി. ഇന്ദിര കാന്റീന് പ്രഖ്യാപനത്തോടെ കൊച്ചിയില്‍ പുതിയ രാഷ്ട്രീയപ്പോരിന് കളമൊരുങ്ങിയിരിക്കുകയാണ്.
സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് സമൃദ്ധിയുടെ പ്രവര്‍ത്തനം. ഇതു നേരിട്ട് ലഭ്യമാക്കാതെ കോര്പ്പറേഷന് മുഖേന ഇത് കൈമാറാം എന്നാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം. പുതിയ ഭക്ഷണശാല ആരംഭിക്കുന്നതോടെ സമൃദ്ധിയുടെ കാര്യത്തില്‍ കോര്പ്പറേഷന് ശ്രദ്ധക്കുറവുണ്ടാകുമെന്നും ഇത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണ് എതിര്‍ക്കുന്നവരുടെ വാദം.
പത്ത് രൂപയ്ക്ക് ആരഭിച്ച ഉച്ച ഊണിന് നിലവില്‍ 20 രൂപയാണ്. യുഡിഎഫ് ഭരണ സമിതിയുടെ 50 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് രാവിലെയും രാത്രിയിലും 10 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീന് പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്.
രാവിലെ ഇഡ്ഡലിയും ചട്ണിയും രാത്രിയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണു മെനു. രാവിലെയും വൈകിട്ടും ഏഴ് മുതല്‍ 10 വരെ മൂന്നു മണിക്കൂര്‍ വീതമാകും കാന്റീന് പ്രവര്‍ത്തിക്കുക.
