കണ്ടകശേരി (കണ്ണൂർ ): റിപ്പബ്ലിക് ദിനത്തിൽ ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക പാറിച്ച് പയ്യാവൂർ കണ്ടകശേരിയിലെ ദന്പതികളടങ്ങിയ പർവതാരോഹകർ. പയ്യാവൂർ ഇരൂഡിലെ ടോമും ഭാര്യ അഞ്ജുവും അടങ്ങുന്ന മലയാളി സംഘമാണ് അഭിമാനനേട്ടം കൈവരിച്ചത്. പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖായുടെ നേതൃത്വത്തിൽ എട്ട് മലയാളികൾ ഉൾപ്പെടുന്നതായിരുന്നു സംഘം.
ടാൻസാനിയ-കെനിയ അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിലുള്ള കൊടുമുടി ആഫ്രിക്കയുടെ മേൽക്കൂരയെന്നാണ് അറിയപ്പെടുന്നത്. ഏഴു ദിവസം കൊണ്ട് കൊടുമുടിയുടെ നെറുകയിലെത്താമെന്ന രീതിയിലായിരുന്നു യാത്രയാരംഭിച്ചതെങ്കിലും ആറു ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു.
മഴക്കാട് മേഖലകളിലൂടെയും പുൽമേടുകളിലൂടെയും ആൽപൈൻ മരുഭൂമിയിലൂടെയും മഞ്ഞുനിറഞ്ഞ പർവത പാതകളിലൂടെയുമായിരുന്നു യാത്ര. അഞ്ച് വ്യത്യസ്ത കാലാവസ്ഥ മേഖലകളിലൂടെ കടന്നുപോകേണ്ടി വന്നത് മനസിനും ശരീരത്തിനും വലിയ പ്രതിസന്ധികളുണ്ടാക്കിയെന്ന് സംഘം പറഞ്ഞു.
താഴ്വാരത്ത് 30 ഡിഗ്രി താപനിലയുണ്ടാകുമെങ്കിലും മുകളിൽ മൈനസ് 20 ഡിഗ്രിയൊക്കെയാണ്. 33 മണിക്കൂർ വിശ്രമമില്ലാതെ ദുർഘടപാതയിലൂടെ കൊടുമുടി കയറിയ സംഘം മാനസിക ധൈര്യംകൊണ്ട് മാത്രമാണ് ലക്ഷ്യം കൈവരിച്ചതെന്ന് ടോമും ഭാര്യ അഞ്ജുവും പറഞ്ഞു.
പയ്യാവൂർ ഇരൂഡിലെ ഷാജു-ജോളി ദന്പതികളുടെ മകനായ ടോമും കണ്ടകശേരിയിലെ പുതുപള്ളിമാലിൽ ബെന്നി-ബീന ദന്പതികളുടെ മകളായ അഞ്ജുവും യുകെയിലാണ്. രാജേഷ് മേനോൻ, രതീഷ് കൃഷ്ണൻ, അജയ് മോഹൻ, ഹുസൈഫ്, അബ്ദുൾ ഖാദർ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് മലയാളികൾ.
- രാജേഷ് കൊല്ലറേത്ത്
