അനന്തമായ സാധ്യതകളുടെയും മാനുഷിക പുരോഗതിയുടെയും ആസ്ഥാനമായാണ് കാലിഫോർണിയയിലെ സിലിക്കൺ വാലി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച ഗൂഗിളും ആപ്പിളും മെറ്റയും ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ ഉദയം അവിടെയായിരുന്നു.
എന്നാൽ, ആധുനിക ലോകത്തിന്റെ വിധി നിർണയിക്കുന്ന ഈ വിപ്ലവകാരികളുടെ ധാർമികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന വമ്പൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായ “എപ്സ്റ്റീൻ ഫയലുകൾ’ പുറത്തുവന്നതോടെ, സാങ്കേതിക വിദ്യയുടെ പിന്നിലെ അധികാര കേന്ദ്രങ്ങളിൽ പടർന്നുകിടക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ചിത്രമാണ് തെളിയുന്നത്.
കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ എന്ന നിഗൂഢ വ്യക്തിത്വം എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരെയും ബുദ്ധിജീവികളെയും തന്റെ സ്വാധീനവലയത്തിലാക്കിയതെന്നത് വെറും ഗോസിപ്പുകൾക്കപ്പുറം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന രേഖകളിൽ സിലിക്കൺ വാലിയിലെ അതികായന്മാരുടെ പേരുകൾ ആവർത്തിച്ചു വരുന്നു എന്നത് സാങ്കേതിക ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്.
2019ൽ ജയിലിൽ ആത്മഹത്യ ചെയ്ത എപ്സ്റ്റീൻ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയായിരുന്നു. എന്നാൽ അയാളുടെ സ്വാധീനം കേവലം കുറ്റകൃത്യങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല.
രാഷ്ട്രീയക്കാരെയും ശാസ്ത്രജ്ഞരെയും ടെക് വ്യവസായികളെയും കൂട്ടിയിണക്കുന്ന ഒരു വലിയ ശൃംഖലയുടെ മധ്യബിന്ദുവായിരുന്നു അയാൾ. ഇത്രയേറെ കുപ്രസിദ്ധിയാർജിച്ച ഒരാളുമായി ടെക് രാജാക്കന്മാർ എന്തിന് ബന്ധം സ്ഥാപിച്ചു എന്നതാണ് ഇന്ന് ലോകം ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം.
സിലിക്കൺ വാലിയിലെ ഓരോ നീക്കവും ലോകത്തിന് മാതൃകയാകേണ്ടതാണെന്നിരിക്കെ, ബിൽ ഗേറ്റ്സിനെപ്പോലുള്ള ജീവകാരുണ്യ പ്രവർത്തകരും ഇലോൺ മസ്കിനെപ്പോലുള്ള ദീർഘദർശികളും ഈ പട്ടികയിൽ ഇടംപിടിച്ചത് അവരുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചു.
ബിൽ ഗേറ്റ്സിന്റെ കാര്യമെടുത്താൽ, എപ്സ്റ്റീനുമായുള്ള ബന്ധം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എങ്കിലും, എപ്സ്റ്റീൻ ഒരു ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ 2011ന് ശേഷവും ഗേറ്റ്സ് അയാളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയെന്നത് ദുരൂഹത വർധിപ്പിക്കുന്നു.
കേവലം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായിരുന്നു ഈ ബന്ധമെന്ന് ഗേറ്റ്സ് അവകാശപ്പെടുമ്പോഴും, പുറത്തുവന്ന ഇമെയിലുകൾ സൂചിപ്പിക്കുന്നത് അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനമുറപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇരുവശത്തുനിന്നും ഉണ്ടായിരുന്നു എന്നാണ്.
ഇലോൺ മസ്കിന്റെ പേരും ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു എന്നത് സിലിക്കൺ വാലിയിലെ ആഭ്യന്തര കലഹങ്ങളെ കൂടി പുറത്തുകൊണ്ടുവന്നു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള “ലിറ്റിൽ സെന്റ് ജെയിംസ്’ എന്ന ദ്വീപിലേക്ക് മസ്കിന് ക്ഷണമുണ്ടായിരുന്നുവെന്നും അതിനെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നുവെന്നും രേഖകൾ പറയുന്നു.
മസ്ക് ഇത് ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന റീഡ് ഹോഫ്മാനെപ്പോലുള്ളവർ എപ്സ്റ്റീനുമായി പുലർത്തിയ അടുത്ത ബന്ധം മസ്കിനെയും പ്രതിരോധത്തിലാക്കുന്നു. ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ എപ്സ്റ്റീന്റെ സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തതും അദ്ദേഹത്തിന്റെ ദ്വീപ് സന്ദർശിച്ചതും പരസ്യമായതോടെ സിലിക്കൺ വാലിയിലെ “പേപാൽ മാഫിയ’ എന്നറിയപ്പെടുന്ന ഗ്രൂപ്പിനുള്ളിൽ വലിയ വിള്ളലുകൾ ഉണ്ടായി.
മസ്കും ഹോഫ്മാനും തമ്മിൽ എക്സ് പ്ലാറ്റ്ഫോമിൽ നടത്തുന്ന വാക്പോരുകൾ ഈ അസ്വസ്ഥതയുടെ പ്രതിഫലനമാണ്. ഈ ബന്ധങ്ങളുടെ അടിസ്ഥാനം കേവലം സൗഹൃദമായിരുന്നില്ല, മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും കൃത്യമായ വിനിമയമായിരുന്നു. 2010 കളുടെ തുടക്കത്തിൽ ടെക് സ്റ്റാർട്ടപ്പുകൾ ലോകം കീഴടക്കാൻ തുടങ്ങിയപ്പോൾ, എപ്സ്റ്റീൻ തന്റെ കള്ളപ്പണവും സ്വാധീനവും ഈ മേഖലയിലേക്ക് ഒഴുക്കി.
കോയിൻബേസ് പോലുള്ള മുൻനിര ക്രിപ്റ്റോ സ്ഥാപനങ്ങളിലും പീറ്റർ തീൽ നിയന്ത്രിച്ചിരുന്ന നിക്ഷേപ ഫണ്ടുകളിലും എപ്സ്റ്റീന്റെ സാമ്പത്തിക സാന്നിധ്യം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. സിലിക്കൺ വാലിയിലെ നൈതിക മൂല്യങ്ങൾ ലാഭത്തിന് മുന്നിൽ എങ്ങനെ അടിയറവ് വയ്ക്കപ്പെട്ടു എന്നതിന്റെ ഉദാഹരണമാണിത്.
എപ്സ്റ്റീന്റെ സാമ്പത്തിക സഹായം സ്വീകരിച്ച പല സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് അതിനെ ന്യായീകരിക്കാൻ പാടുപെടുകയാണ്. സിലിക്കൺ വാലിയുടെ തകർച്ചയല്ല, മറിച്ച് അതിന്റെ സുതാര്യതയില്ലായ്മയാണ് ഈ ഫയലുകൾ തുറന്നുകാട്ടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സ്വകാര്യതയും ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഈ മേഖലയെ നയിക്കുന്നവർക്ക് എത്രത്തോളം ധാർമിക ഉത്തരവാദിത്തമുണ്ട് എന്നത് ഗൗരവകരമായ വിഷയമാണ്. ലോകത്തെ വായുവിനെയും വെള്ളത്തെയും ഭക്ഷണത്തെയും വരെ നിയന്ത്രിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്നവർ, ലൈംഗിക അതിക്രമങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും കുപ്രസിദ്ധി നേടിയ ഒരാളുമായി രഹസ്യബന്ധം പുലർത്തിയത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഈ വിവാദങ്ങൾ സിലിക്കൺ വാലിയിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിതുറന്നു. ജെഫ് ബെസോസിന്റെ പേര് നൂറുകണക്കിന് തവണ രേഖകളിൽ പരാമർശിക്കപ്പെടുന്നത് ആമസോൺ പോലുള്ള കമ്പനികൾക്ക് രാഷട്രീയവും സാമൂഹികവുമായ തലങ്ങളിൽ ലഭിക്കുന്ന അനാവശ്യമായ മുൻഗണനകളെക്കുറിച്ചുള്ള സംശയങ്ങൾ ജനിപ്പിക്കുന്നു.
ഇത്തരം വൻകിട കമ്പനികളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ എപ്സ്റ്റീനെപ്പോലുള്ള ഇടനിലക്കാർക്ക് എത്രത്തോളം പങ്കുണ്ടായിരുന്നു എന്നത് ഇനിയും പുറത്തുവരാനിരിക്കുന്ന സത്യമാണ്. ചുരുക്കത്തിൽ, എപ്സ്റ്റീൻ ഫയലുകൾ സിലിക്കൺ വാലിയുടെ മിന്നുന്ന സ്ക്രീനുകൾക്ക് പിന്നിലെ കറുത്ത പാടുകളാണ്.
സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ രക്ഷിക്കുമെന്ന് പ്രസംഗിക്കുന്നവർ തന്നെ നിഗൂഢമായ ക്രിമിനൽ വലയങ്ങളിൽ അകപ്പെട്ടു കിടക്കുന്നത് ദൗർഭാഗ്യകരമാണ്. ജെഫ്രി എപ്സ്റ്റീൻ എന്ന വ്യക്തി ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ടാകാം, എന്നാൽ അദ്ദേഹം വിതച്ച അവിശ്വാസത്തിന്റെ വിത്തുകൾ സിലിക്കൺ വാലിയിൽ ഇനിയും മുളച്ചുകൊണ്ടേയിരിക്കും.
ഭാവിയിൽ കൂടുതൽ രേഖകൾ പുറത്തുവരുമ്പോൾ, നമ്മൾ ഇന്ന് ആരാധിക്കുന്ന പല ബിംബങ്ങളും ഉടഞ്ഞുവീഴാൻ സാധ്യതയുണ്ട്. സിലിക്കൺ വാലിയുടെ ചരിത്രം ഇനി രണ്ട് ഭാഗങ്ങളായി തിരിക്കപ്പെടും… എപ്സ്റ്റീൻ ഫയലുകൾക്ക് മുന്പും ശേഷവും.
സൂരജ് സുധീർ
