കൊച്ചി: 2026ല് നിര്ബന്ധമായും സന്ദര്ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില് കൊച്ചി ഇടം നേടി. ലോകത്തിലെ മുന്നിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ആംസ്റ്റര്ഡാം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്. പട്ടികയിലുള്പ്പെട്ട ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷന് ആണ് കൊച്ചി. പത്തു ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയത്.
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമ്പന്ന സാംസ്കാരികപൈതൃകവും കായല്–കടല്ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന് കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും നഗരത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിംഗ് ഡോട്ട് കോം പറയുന്നു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള് സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്ഷണങ്ങള്.
പൈതൃകമുറങ്ങുന്ന ഫോര്ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്നതും കൊച്ചിയുടെ പെരുമയാണ്. കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ ഉള്പ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും കൊച്ചിയെയും പരിസരത്തെയും കൂടുതല് സഞ്ചാരപ്രിയമാക്കുന്നുവെന്നും കൊച്ചി മുസിരിസ് ബിനാലെ പോലുള്ള കലാമാമാങ്കം കൂടുതല് വിദേശ, ആഭ്യന്തര സഞ്ചാരികളെ ആകര്ഷിക്കുന്നതായും ബുക്കിംഗ് ഡോട്ട് കോം പറയുന്നു.

