കൊറിയൻ വിജയഗാഥ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്

ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം.

കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്‍റെ ഏക ഗോൾ നേടിയത്.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0.

ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്‍റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം.

പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു. ഇൻ ബൂം ഹ്വാംഗിന്‍റെ അസിസ്റ്റിൽനിന്നെത്തിയ പന്ത് തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെ ഹ്യൂൻ ഗ്യൂ വലയിലേക്ക് പായിച്ചു. സ്കോർ 1-2.

തിരിച്ചടിക്കാൻ ചെക്ക് പട കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറിയ പ്രതിരോധക്കോട്ട കെട്ടിയതോടെ അവർ പരാജയം മണത്തു.

Related posts

Leave a Comment